ലിഗയുടെ മൃതദേഹം ഇന്ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും

തിരുവനന്തപുരം: കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗ സ്‌ക്രോമന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ തികച്ചും സ്വകാര്യ ചടങ്ങായാണ് സംസ്‌കാരം നടത്തുക. ലിഗയുടെ ചിതാഭസ്മം ജന്‍മനാടായ ലാത്വിയയിലേക്ക് കൊണ്ടുപോവുമെന്ന് സഹോദരി ഇലിസ് അറിയിച്ചു.
അടുത്ത ആഴ്ച ചിതാഭസ്മവുമായി ഇലിസ് ലാത്വിയയിലേക്ക് പോവും.അതേസമയം, ലിഗയുടെ മരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകള്‍ വിവാദമായ സാഹചര്യത്തില്‍ ഇലിസ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ടു ചില തെറ്റിദ്ധാരണകള്‍ വന്നെന്നും സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നുവെന്നും ഇലിസ് മുഖ്യമന്ത്രിയെ അറിയിച്ചു. വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിനു മുഖ്യമന്ത്രിയോടു ക്ഷമ ചോദിക്കാന്‍ കൂടിയാണു താന്‍ വന്നതെന്നും അവര്‍ പറഞ്ഞു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമാണ് ഇലിസ് എത്തിയത്. തെറ്റായ വാര്‍ത്തകളും പ്രചാരണവും ഉണ്ടായതില്‍ വിഷമിക്കേണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.  സര്‍ക്കാര്‍ ലിഗയുടെ  കുടുംബത്തോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചിനു ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധിയില്‍ ലിഗ അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. ഇതുവരെയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, പങ്കെടുക്കുന്ന കാര്യത്തില്‍ ഇരുവരും ഉറപ്പു നല്‍കിയിട്ടില്ലെന്ന് ഇലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it