Flash News

ലിഗയുടെ മരണം: യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു

ലിഗയുടെ മരണം: യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു
X
തിരുവനന്തപുരം: തിരുവല്ലത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളത്തെ യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാളെ സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പോലിസ് കണ്ടെടുത്തിരുന്നു. പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയ ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന് െ്രെഡവര്‍ ഷാജി മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ലിഗയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ഗാര്‍ഡുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.



ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് കൊലപാതക സാധ്യത മുന്‍നിര്‍ത്തിയുള്ള അന്വേഷണം പോലിസ് ആരംഭിച്ചു. മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചെന്തിലാക്കരിയില്‍ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, അന്വേഷണം മുറുകിയതോടെ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ അപ്രത്യക്ഷരായതായും വാര്‍ത്തയുണ്ട്. ഇവരുടെ തിരോധാനത്തിന് ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്ന് ലഭിച്ച സൂചനകളില്‍ വിഷാംശം ഉള്ളില്‍ച്ചെന്ന് മരണം സംഭവിച്ചെന്നാണ് പോലിസ് കരുതിയിരുന്നത്. അതാണ് ആത്മഹത്യ എന്ന രീതിയില്‍ പോലിസ് വിശദീകരിച്ചത്. എന്നാല്‍, രാസപരിശോധനാ ഫലത്തിലെ സൂചനകള്‍ പുറത്തായതോടെയാണ് ലിഗയെ കൊലപ്പെടുത്താനുള്ള സാധ്യതകള്‍ പോലിസ് ആരായുന്നത്.
പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരെയും കയര്‍ത്തൊഴിലാളികളെയും പോലിസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. ചീട്ടുകളിക്കാനും മറ്റും ചെന്തിലാക്കരിയില്‍ വരാറുള്ള ഏതാനും യുവാക്കളെ പോലിസ് കഴിഞ്ഞദിവസങ്ങളില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസംമുട്ടിയാണ് മരണമെന്ന റിപോര്‍ട്ട് പുറത്തായതോടെ ഇവരെ വീണ്ടും വരുത്തി മൊഴിയെടുക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം പുറംലോകത്തെ അറിയിച്ച മീന്‍പിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പോലിസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.
ലിഗ കടവിലേക്ക് നടന്നുപോവുന്നതും കായലില്‍ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെയും വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ലിഗയെ കണ്ട വിവരം ഇവര്‍ പോലിസിനോട് നിഷേധിച്ചതായാണ് സൂചന. ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്.
ചെന്തിലാക്കരിക്ക് എതിര്‍വശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണ്. ഇവിടെ ബീച്ചില്‍ നിന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ വശീകരിച്ച് എത്തിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണവും നടന്നുവരുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
Next Story

RELATED STORIES

Share it