ലിഗയുടെ മരണം: അറസ്റ്റ് ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചശേഷം

എച്ച് സുധീര്‍
തിരുവനന്തപുരം: വിദേശ വനിതയായ ലിഗയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. ഇന്നു വൈകീട്ട് രാസപരിശോധനാ ഫലം ലഭിച്ചതിനുശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലിസ് കടക്കുകയുള്ളൂ.
പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പോലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതാണ് പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സഹായകമായത്. നിലവില്‍ മൂന്നുപേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലിസിന്റെ പക്കലുള്ളത്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നശേഷമേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മൃതദേഹത്തിന്റെ സമീപത്തു നിന്ന് ലഭിച്ച മുടിയിഴകളുടെ ഫോറന്‍സിക് പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്.
അതേസമയം, കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ പ്രതിയെന്ന് സംശയിച്ചിരുന്ന യോഗാ പരിശീലകന്‍ ഉള്‍പ്പെടെ രണ്ടുപേരെ വിട്ടയച്ചു. തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് യോഗാ പരിശീലകനായ പാറവിള സ്വദേശി അനില്‍കുമാര്‍, ലാലു എന്നിവരെ വിട്ടയച്ചത്. ഹരി, ഉമേഷ്, ഉദയന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ലിഗയെ പൂനംതുരുത്തില്‍ എത്തിച്ചുവെന്നു പറയപ്പെടുന്ന ഉമേഷിന്റെ ഫൈബര്‍ വള്ളത്തില്‍ നിന്നു ചില തെളിവുകള്‍ ശേഖരിച്ചെങ്കിലും അതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന.പ്രതികള്‍ തന്നെ തെളിവുകള്‍ തീയിട്ടുനശിപ്പിച്ചതായും വിവരമുണ്ട്. അതിനിടെ, ലിഗയുടെ കൊലപാതകത്തില്‍ ലഹരിസംഘാംഗങ്ങളുടെ പങ്ക് വെളിപ്പെടുത്തി യോഗാ പരിശീലകന്‍ അനില്‍കുമാര്‍ രംഗത്തുവന്നു. തനിക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേര്‍ ലിഗയെ നേരിട്ടുകണ്ടതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അനില്‍കുമാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇവര്‍ സുഹൃത്തുക്കളും കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്നും ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇവരുടെ താവളമാണെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നുവെന്നും അനില്‍കുമാര്‍ സമ്മതിച്ചു. ഈ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ അനില്‍കുമാറിനെ വീണ്ടും പോലിസ് ചോദ്യം ചെയ്‌തേക്കും.
Next Story

RELATED STORIES

Share it