thrissur local

ലിംഗ സമത്വം: കാന്തപുരത്തെ പിന്തുണച്ച് എസ്‌കെഎസ്എസ്എഫ്

തൃശൂര്‍: ലിംഗ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി. വിഷയത്തില്‍ കാന്തപുരം പറയുന്ന അടിസ്ഥാന സത്യങ്ങളെ നിഷേധിക്കാനാകില്ല. എല്ലാറ്റിലും സമത്വമെന്നത് പ്രായോഗികമല്ല. ചര്‍ച്ചാവിഷയമായ അദ്ദേഹത്തിന്റെ എല്ലാ പരാമര്‍ശങ്ങളും കണ്ടിട്ടില്ല.
കാര്യങ്ങള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇസ്‌ലാം അനുശാസിക്കുന്ന സാമൂഹിക സദാചാരത്തെ ബാധിക്കാത്ത തരത്തിലാകണം സ്ത്രീകളുടെ എല്ലാ രംഗത്തെയും ഇടപെടല്‍. ഇത് പുരുഷനും ബാധകമാണ്. സ്ത്രീകള്‍ ബഹുമാന്യ പദവി അലങ്കരിക്കേണ്ടവരാണ്. അതിനാല്‍ത്തന്നെ ലിംഗനീതിയെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നു.
എന്നാല്‍, ഇതിന് ധാര്‍മികമായ അതിര്‍വരമ്പുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്ത്രീകളെ മനുഷ്യരായി പോലും കണക്കാക്കപ്പെടാതിരുന്ന കാലത്താണ് മുഹമ്മദ് നബി മതപ്രബോധനം ആരംഭിച്ചതെന്നതും ഓര്‍ക്കണം. സന്തുലിതത്തിലും പാരസ്പര്യത്തിലും കാര്യങ്ങളെ കാണാന്‍ കഴിയണം.
അതേസമയം, സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്കും സംഘടനയിലേക്കും കടന്നുവരണമെന്ന വനിതാ ലീഗ് സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ മറുപടിയൊന്നും പറയാതെ ഓണമ്പിള്ളി ഒഴിഞ്ഞുമാറി.
രണ്ട് മനുഷ്യ ജീവനുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നൗഷാദിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ വര്‍ഗീയമായി കണ്ട വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പദവിയെത്തന്നെ അപമാനിക്കുകയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അന്യ സംസ്ഥാനക്കാരായ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടപ്പോള്‍ നൗഷാദ് കണ്ടത് ജാതിയും മതവുമായിരുന്നില്ല. പ്രതിലോമകരമായ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി ശ്രീനാരായണന്റെ ആശയങ്ങളെയും തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ഓണമ്പിള്ളി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it