ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രത്യേക മതപദവി ശുപാര്‍ശ ചെയ്യാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചു.
ന്യൂനപക്ഷ പദവി വേണമെന്ന ലിംഗായത്ത് സമുദായത്തിന്റെ ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ മാര്‍ച്ച് 2ന് കര്‍ണാടക സര്‍ക്കാര്‍ ഏഴംഗ വിദഗ്ധ സമിതി രൂപികരിച്ചിരുന്നു. സമിതി സമുദായത്തിന്റെ ആവശ്യം അംഗീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതാണ് ലിംഗായത്ത് സമുദായത്തിന് നേട്ടമായത്. ജസ്റ്റിസ് നാഗ്‌മോഹന്‍ ദാസ്‌ന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭയില്‍ സര്‍ക്കാര്‍ ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കാനുള്ള ശുപാര്‍ശയ്ക്ക്  അംഗീകാരം നല്‍കുകയായിരുന്നു. തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവണ്ണയാണ് ലിംഗായത്ത് സമുദായത്തിന്റ സ്ഥാപകന്‍. ബസവണ്ണ ജാതി വ്യവസ്ഥയ്ക്കും, വേദങ്ങള്‍ക്കും എതിരായത് കൊണ്ട് ഈ സമുദായം ഹിന്ദു വീരശൈവ സമുദായത്തിന്‍ നിന്നും കൃത്യമായ അകലം പാലിച്ചിരുന്നു. 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ലിംഗായത്ത് മതത്തെ സ്വതന്ത്ര മതമാക്കാന്‍ ഇവര്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, ആര്‍എസ്എസ് ലിംഗായത്തുകളുടെ ആവശ്യത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ലിംഗായത്തുകളെ സ്വതന്ത്ര മതമാക്കുന്നതിലൂടെ ഹിന്ദുമതത്തെ വിഭജിക്കുകയാണെന്നായിരുന്നു ആര്‍ എസ്എസിന്റെ പ്രതികരണം.
അതേസമയം കോണ്‍ഗ്രസ്സിന്റെ ഈ നീക്കം സംസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കും. ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന വീരശൈവ-ലിംഗായത്ത് സമുദായങ്ങള്‍ ഭിന്നിക്കുന്നതോടെ സംസ്ഥാനത്തെ ബിജെപി വോട്ടുകള്‍ക്ക് ഗണ്യമായ ഇടിവുണ്ടാകുമെന്നാണ്് കണക്കാക്കപ്പെടുന്നത്. ബിജെപി അനുകൂലികളായ ലിംഗായത്തുകള്‍ കര്‍ണാടകയില്‍ 16 ശതമാനത്തോളം വരും. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ഈ വിഭാഗക്കാരനാണ്. പ്രത്യേക മതമെന്ന പദവി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ലിംഗായത്തുകള്‍ക്ക് പിന്തുണ നല്‍കാനോ എതിര്‍ക്കാനോ പറ്റാത്ത അവസ്ഥയിലാണ് പ്രധാന പ്രതിപക്ഷമായ ബിജെപി.
Next Story

RELATED STORIES

Share it