ലിംഗായത്തുകളുടെ മതന്യൂനപക്ഷ പദവി പരിഗണിക്കേണ്ടത് ന്യൂനപക്ഷ മന്ത്രാലയം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനത്തില്‍ കൈകഴുകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലിംഗായത്തുകളുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ പരിഗണനയിലുണ്ട്. എന്നാല്‍, ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് ഇതില്‍ നടപടി കൈക്കൊള്ളേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് പരിഗണിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ തന്നെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അവര്‍ക്കേ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുള്ളൂ- ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
കഴിഞ്ഞമാസമാണ് ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ടത്. സംസ്ഥാനത്ത് 17 ശതമാനത്തോളം ജനസംഖ്യയുള്ള ലിംഗായത്തുകള്‍ പാരമ്പര്യമായി ബിജെപി വോട്ടുബാങ്കാണ്. എന്നാല്‍, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ബിജെപിക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവാന്‍ ഇടയില്ലെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it