Flash News

ലിംഗവിവേചനം ജുഡീഷ്യറിയിലും: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലും നിയമമേഖലയിലും ലിംഗവിവേചനമുണ്ടെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. നിയമമേഖലയുമായി ബന്ധപ്പെട്ട കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നതെങ്കിലും സുപ്രിംകോടതി ജഡ്ജി വരെ എത്തിയ തന്റെ വിജയം അത്ര അനായാസമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിധി സെന്ററും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്റെ പിതാവ് ഓംപ്രകാശ് മല്‍ഹോത്ര വിഖ്യാത അഭിഭാഷകനായിരുന്നു. ആ നിലയ്ക്ക് അച്ഛനു കീഴിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. സ്ത്രീകളെ അഭിഭാഷകരായി തിരഞ്ഞെടുക്കാന്‍ മടിയുള്ള അക്കാലത്ത് സുപ്രിംകോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഞാന്‍ അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് (എഒആര്‍) പരീക്ഷയെഴുതി. നീണ്ട 20 വര്‍ഷത്തെ അഭിഭാഷകവൃത്തിക്കുശേഷം മുതിര്‍ന്ന അഭിഭാഷക എന്ന പദവിക്കു വേണ്ടി ഞാന്‍ സുപ്രിംകോടതിയോട് അപേക്ഷിച്ചപ്പോള്‍, പുരുഷമേധാവിത്വരംഗമാണിതെന്നു പറഞ്ഞ് പിന്തിരിപ്പിക്കാനാണ് എന്റെ രണ്ട് സുഹൃത്തുക്കള്‍ ശ്രമിച്ചത്. കേസുമായി വരുന്നവര്‍ കൂടുതലായും പുരുഷ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രയാസങ്ങളും വനിതകള്‍ നേരിടുന്നുണ്ട്.
മുതിര്‍ന്ന അഭിഭാഷക എന്ന പദവിക്കായി ഞാന്‍ അപേക്ഷിച്ച് 30 വര്‍ഷത്തെ പ്രാക്റ്റീസിനുശേഷമാണ് ആ പദവി കിട്ടിയത്. തുടക്കത്തില്‍ കുടുംബതര്‍ക്കം, വാഹനാപകട തര്‍ക്കം, ഭൂമിതര്‍ക്കം തുടങ്ങിയ കേസുകളാണ് ലഭിച്ചത്. മുതിര്‍ന്ന അഭിഭാഷകയെന്ന പദവി ലഭിച്ചശേഷമാണ് മറ്റു കേസുകള്‍ കിട്ടിത്തുടങ്ങിയത്. കൂടെയുള്ള പുരുഷ അഭിഭാഷകര്‍ തന്നേക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലമാണ് വാങ്ങുന്നതെന്നും അവര്‍ പറഞ്ഞു.
പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ അഭിഭാഷകര്‍ പോരെന്ന ഒരു ബോധം ആളുകള്‍ക്കിടയിലുണ്ട്. നിങ്ങള്‍ക്കിതൊന്നും മനസ്സിലാവില്ലെന്ന് ജഡ്ജിമാര്‍ പറയുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അധികമായി കഠിനപ്രയത്‌നം ചെയ്യുക. തീര്‍ച്ചയായും നിങ്ങളുടെ പോരാട്ടം ഫലം ചെയ്യും. ഈ രംഗത്ത് ശോഭിക്കാന്‍ കുടുംബത്തില്‍ നിന്ന് ഉള്‍പ്പെടെ പിന്തുണ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു പ്രസംഗിച്ച മുതിര്‍ന്ന ജഡ്ജിയും കൊളീജിയം അംഗവുമായ എ കെ സിക്രി, സ്ത്രീകളോടുള്ള അവഗണന ശരിവയ്ക്കുന്ന വിധത്തിലാണ് സംസാരിച്ചത്. ഇന്നു മിക്ക ലോ കോളജുകളിലും പ്രവേശനം മാര്‍ക്ക് അടിസ്ഥാനത്തിലാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. മറ്റു കോളജുകളിലൊന്നും പ്രവേശനം ലഭിക്കാതെ വരുമ്പോഴാണ് ഈ രംഗത്തേക്ക് വിദ്യാര്‍ഥികള്‍ വരുക. ഇന്ന് ഈ രംഗത്ത് ആണ്‍കുട്ടികളേക്കാള്‍ തിളങ്ങുന്നത് പെണ്‍കുട്ടികളാണ്- ജസ്റ്റിസ് സിക്രി പറഞ്ഞു.

Next Story

RELATED STORIES

Share it