World

ലാഹോറില്‍ നവാസ് ശരീഫിന് നേരെ ഷൂ ഏറ്

ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു നേരെ ലാഹോറില്‍ ഷൂ ഏറ്. ലാഹോറിലെ മദ്‌റസാ പരിപാടിയില്‍ പങ്കെടുക്കവേ പൂര്‍വ വിദ്യാര്‍ഥിയാണ് ശരീഫിനു നേരെ ഷൂ എറിഞ്ഞത്.
ഖരി ഷാഹുവില്‍ ജാമിയ നഈമിയ മതപാഠശാല സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായാണ് നവാസ് ശരീഫ് എത്തിയത്. വേദിയില്‍ മുഖ്യപ്രഭാഷണം നടത്തവെ പൂര്‍വ വിദ്യാര്‍ഥി മുന്നോട്ടുവന്നു ശരീഫിനു നേരെ ഷൂ എറിയുകയായിരുന്നു. ഷൂ അദ്ദേഹത്തിന്റെ തോളിലും ചെവിട്ടിലുമാണ് തട്ടിയത്. വിദ്യാര്‍ഥിയെ പിന്നീട് പോലിസ് പിടികൂടി. ഇയാള്‍ക്കൊപ്പം മറ്റൊരു വിദ്യാര്‍ഥിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇരുവരും മതപാഠശാലയിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, സംഭവത്തിനു ശേഷവും നവാസ് ശരീഫ് തന്റെ മുഖ്യപ്രഭാഷണം തുടര്‍ന്നു. ഷൂ എറിഞ്ഞതിനെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
അതേസമയം, അദ്ദേഹം നേതൃത്വം നല്‍കുന്ന പിഎംഎല്‍എന്നിന്റെ ജനസമ്മിതിയെ പേടിക്കുന്നവരാണ് ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നിലെന്നു പിഎംഎല്‍എന്‍ നേതാവും റെയില്‍വേ മന്ത്രിയുമായ ക്വാജ സാദ് റഫീഖ് പറഞ്ഞു. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളായ പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടിയും തെഹ്‌രീകെ ഇന്‍സാഫും സംഭവത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it