ലാഹോര്‍: മരണം 72 ആയി

ഇസ്‌ലാമാബാദ്: പാക് നഗരമായ ലാഹോറില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. ചികില്‍സയിലുള്ള പലരുടെയും നില അതീവഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്. 300ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം വിഘടിത പാക് താലിബാന്‍ വിഭാഗമായ ജമാഅത്തുല്‍ അഹ്‌റാര്‍ ഏറ്റെടുത്തു. തങ്ങള്‍ ലാഹോറില്‍ എത്തിയെന്ന സന്ദേശം പ്രധാനമന്ത്രി നവാസ് ശരീഫിന് എത്തിക്കുകയാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന് ഗ്രൂപ്പിന്റെ വക്താവ് ഇഹ്‌സാനുല്ലാ ഇഹ്‌സാന്‍ പറഞ്ഞു. മുസഫര്‍ഗഡ് സ്വദേശി യൂസഫാണ് ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ചതെന്നു ലാഹോര്‍ പോലിസ് സ്ഥിരീകരിച്ചു. ലാഹോറിലെ ജനവാസപ്രദേശമായ ഇക്ബാല്‍ ടൗണിലെ പാര്‍ക്കില്‍ ഈസ്റ്റര്‍ ദിനമായതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങള്‍ ഒത്തുകൂടിയിരുന്നു. പാര്‍ക്കിന്റെ മുമ്പിലുളള പ്രധാന കവാടത്തിനു സമീപമാണ് അക്രമി പൊട്ടിത്തെറിച്ചത്. പാര്‍ക്കിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി പാര്‍ക്കുകളും മാളുകളും മൂന്നുദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആക്രമണ പശ്ചാത്തലത്തില്‍ ലണ്ടന്‍ യാത്ര പ്രധാനമന്ത്രി നവാസ് ശരീഫ് റദ്ദാക്കി. തിങ്കളാഴ്ച ലണ്ടന്‍ സന്ദര്‍ശനത്തിനു പുറപ്പെടാനിരിക്കുകയായിരുന്നു ശരീഫ്. അതേസമയം, സായുധസംഘങ്ങളെ ലക്ഷ്യമിട്ട് പഞ്ചാബിലുടനീളം സൈന്യവും അര്‍ധ സൈന്യവും റെയ്ഡ് നടത്തും. സൈനിക മേധാവി ജന. റഹീല്‍ ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ലാഹോര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നടക്കുന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു പങ്കുണ്ടെന്നു കരുതപ്പെടുന്നു.
Next Story

RELATED STORIES

Share it