Flash News

ലാസ് വേഗസ് വെടിവയ്പ്‌ : സായുധസംഘടനാ ബന്ധത്തിന് തെളിവില്ല - എഫ്ബിഐ



ലോസ് ആഞ്ചലസ്: ലാസ് വേഗസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവയ്്പിനു സായുധ സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചിട്ടില്ലെന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). അക്രമി സ്റ്റീഫന്‍ പഡോകിന്റെ ലക്ഷ്യമെന്തായിരുന്നു എന്നതു സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അവര്‍ അറിയിച്ചു. ഹോട്ടല്‍ പരിസരത്ത് ഉപേക്ഷിച്ച പഡോകിന്റെ കാറില്‍ നിന്ന് 1600 യൂനിറ്റ് വെടിമരുന്ന് അടക്കം കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായും എഫ്ബിഐ വക്താവ് ആറൂണ്‍ റൗസ് അറിയിച്ചു. സംഗീതനിശ നടക്കുന്ന ലാസ് വേഗസില്‍ കൃത്യം നടപ്പാക്കുന്നതിന് ഒരാഴ്ച മുമ്പേ പഡോക് അപാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പഡോകിനെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നതു സംബന്ധിച്ച് അവ്യക്ത തുടരുകയാണ്. അക്രമിക്ക് ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരില്‍ നിന്നു പിന്തുണ ലഭിച്ചിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം വെടിവയ്പ് നടത്തുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അക്രമി സ്റ്റീഫന്‍ പഡോകിന്റെ പെണ്‍സുഹൃത്ത് മറിലൂ ഡാന്‍ലി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അവര്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. താന്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. കൂടെ ജീവിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പഡോകിന്റെ ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീന്‍സില്‍ നിന്നു ചൊവ്വാഴ്ച വൈകീട്ടെത്തിയ ഡാന്‍ലിയെ എഫ്ബിഐ ചോദ്യംചെയ്തതായും റിപോര്‍ട്ടുണ്ട്്. ഡാന്‍ലിയെ ചോദ്യംചെയ്യുന്നതോടെ ഇതിനുള്ള ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലായിരുന്നു അധികൃതര്‍.കഴിഞ്ഞദിവസം ലാസ് വേഗസില്‍ നടന്ന വെടിവയ്പില്‍ 59 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ 45 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവയ്പില്‍ പരിക്കേറ്റ 489 പേരില്‍ 317 പേരും ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it