malappuram local

ലാസ്യ ചടുലതകള്‍ക്ക് മിശ്ര താളമിട്ട് സി സോണ്‍ കലോല്‍സവത്തിന് ഇന്ന് കലാശക്കൊട്ട്

രജീഷ് കെ സദാനന്ദന്‍

മഞ്ചേരി: മാപ്പിളകലയുടെ മാസ്മരികലയം അവസാന ദിവസത്തെ വിഭവങ്ങളാക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോല്‍സവം ‘ലാലി ഗാല 18’ ഇന്നു പൂര്‍ത്തിയാവും.  ആസ്വാദനത്തിന് വേണ്ടുവോളം വിഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നാക്കിയാവും ലാലി ഗാല അരങ്ങൊഴിയുക. മാപ്പിള കലകളുടെ ചടുലതയ്ക്കും ആവേശത്തിനുമൊപ്പം ആതിര വിശുദ്ധിയില്‍ തിരുവാതിരകളിയുമായി അംഗനമാരും ലാസ്യത്തിലലിഞ്ഞ് മലയാളത്തിന്റെ സ്വന്തം മോഹിനിമാരും വേദികളിലെത്തും. ഒപ്പന, കോല്‍ക്കളി, തിരുവാതിരകളി, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, കേരളനടനം, കഥകളിസംഗീതം, ലളിതഗാനം എന്നിവയാണ് ഇന്നു നടക്കുന്ന പ്രധാന പരിപാടികള്‍. മലയാള നാടകമാണ് നാലാം ദിവസം പ്രധാന ആകര്‍ഷണമായത്. ആധുനിക നാടക ചിന്തകള്‍ കലായവ്വനം നെഞ്ചേറ്റിയപ്പോള്‍ ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലര്‍ത്തി ഓരോ നാടക സംഘങ്ങളും. വേദി രണ്ട് സഫ്ദര്‍ ഹാശ്മിയിലാണ് അഭിനയ കല ആസ്വാദനത്തിന്റെ ചെപ്പു തുറന്നത്. ആവേശത്തിന്റെ ചടുലതാളത്തില്‍ കാണികളെ കയ്യിലെടുത്തു ഒന്നാം വേദിയില്‍ മാര്‍ഗംകളി സംഘങ്ങള്‍. തുടര്‍ന്ന് പൂരക്കളിക്കാര്‍ വേദി നിറഞ്ഞു. പരിചമുട്ടുകളിയും സ്‌കിറ്റും ഇംഗ്ലീഷ് നാടകവും പ്രധാന വേദിയില്‍ മല്‍സരയിനങ്ങളായി. വേദി മൂന്നില്‍ സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള, നാടോടി സംഗീതം എന്നിവയില്‍ മല്‍സരങ്ങള്‍ നടന്നപ്പോള്‍ കാവ്യകേളി, അക്ഷര ശ്ലോകം, കവിതാപാരായണ മല്‍സരങ്ങള്‍ വേദി നാലില്‍ പൂര്‍ത്തിയായി.മല്‍സരാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കലാപരിപാടികള്‍ നീണ്ടുപോവാനിടയാക്കുന്നു എന്നതില്‍ കവിഞ്ഞ് കാര്യമായ പരിഭവങ്ങളില്ലാതെയാണ് മഞ്ചേരി എന്‍എസ്എസ് കോളജ് കാംപസില്‍ സി സോണ്‍ കലോല്‍സവം സമാപിക്കുന്നത്.  സംഘാടനത്തില്‍ വന്ന താളപ്പിഴകള്‍ നാലാം ദിവസം കല്ലുകടിയായി. രാവിലെ മല്‍സരങ്ങള്‍ ആരംഭിച്ച ശേഷം പ്രധാന വേദികളില്‍ ഉച്ചയോടെ ഏറെ നേരം മല്‍സരങ്ങളൊന്നും നടന്നില്ല. കലോല്‍സവം ജനകീയമാക്കാന്‍ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ പരിശ്രമങ്ങളും വിജയം കണ്ടില്ല. ഒഴിഞ്ഞ സദസ്സുകള്‍ക്കു മുന്നിലാണ് മിക്കയിനങ്ങളിലും മല്‍സരങ്ങള്‍ നടന്നത്.
Next Story

RELATED STORIES

Share it