ലാവ്‌ലിന്‍ കേസ്: സിബിഐ റിവിഷന്‍ ഹരജി രണ്ടു മാസത്തിന് ശേഷം പരിഗണിക്കും

കൊച്ചി: പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ ലാവ്‌ലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. സിബിഐയുടെ ക്രമിനല്‍ റിവിഷന്‍ ഹരജി മാത്രം നിലനില്‍ക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയാണ് മറ്റു ഹരജികള്‍ ജസ്റ്റിസ് ബി കെമാല്‍പാഷ തള്ളിയത്. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍, വി എസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായിരുന്ന കെ എം ഷാജഹാന്‍, കെ ആര്‍ ഉണ്ണിത്താന്‍, പാല സ്വദേശി ജീവന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതി തള്ളിയത്. സ്വകാര്യ ഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ സിബിഐയുടെ റിവിഷന്‍ ഹരജി രണ്ട് മാസത്തിന് ശേഷം പരിഗണിക്കാനായി മാറ്റി.
പൊതുപണം ദുര്‍വിനയോഗം ചെയ്ത കേസായതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്കും കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടെന്ന വാദമാണ് സിബിഐ ഒഴികെയുള്ള ഹരജിക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, അന്വേഷണ ഏജന്‍സിയായിരുന്ന തങ്ങള്‍ക്ക് മാത്രമാണ് റിവിഷന്‍ ഹരജി നല്‍കാനുള്ള അധികാരമുള്ളതെന്നും പുറത്തുനിന്നുള്ള അനാവശ്യ ഹരജികള്‍ തള്ളണമെന്നും സിബിഐ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയാല്‍ തങ്ങളുടെ കേസിനെ ബാധിക്കുമെന്നും സിബിഐ വാദിച്ചു. സിബിഐക്കല്ലാതെ കേസില്‍ കക്ഷിചേരാന്‍ അധികാരമില്ലെന്ന് പിണറായി വിജയന്‍ അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചിരുന്നു. പുറത്തുവരാത്ത കൂടുതല്‍ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് കോടതിയെ അറിയിക്കുകയാണ് ലക്ഷ്യമെന്നും സ്വകാര്യ ഹരജിക്കാര്‍ അറിയിച്ചു. എന്നാല്‍ കോടതിക്ക് അറിയാത്ത കാര്യം ഹരജിയായി സമര്‍പ്പിക്കുകയായിരുന്നു ഹരജിക്കാര്‍ ചെയ്തതെങ്കില്‍ സ്വകാര്യ ഹരജികളെ പരിഗണിക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു കേസിലെ പ്രതികളെ വിചാരണയ്ക്ക് ശേഷം വെറുതെവിടുകയും അതിനെതിരേ അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്താലും ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഹരജി ഫയലില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ തന്നെ റിപോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവാണ് സിബിഐ കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു വിധിക്കെതിരേ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് ഉന്നത കോടതിയെ സമീപിക്കുന്നതിന് പരിമിതികളുണ്ട്. അതിനാല്‍, സ്വകാര്യ റിവിഷന്‍ ഹരജികള്‍ കേസില്‍ നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. കേസില്‍ സിബിഐക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദം നടത്തുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കേസ് പഠിക്കാനും രണ്ട് മാസത്തെ സമയം അനുവദിക്കണമെന്നുമുള്ള സിബിഐ ആവശ്യം കോടതി അനുവദിച്ചു. തുടര്‍ന്നാണ് മറ്റു ഹരജികള്‍ തള്ളി സിബിഐയുടെ ഹരജി മാത്രം രണ്ട് മാസത്തിന് ശേഷം വാദത്തിനെടുക്കാന്‍ കോടതി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it