ലാവ്‌ലിന്‍ കേസ്  വീണ്ടും ആയുധമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ എല്‍ഡിഎഫിനെതിരേ ലാവ്‌ലിന്‍ കേസ് വീണ്ടും ആയുധമാക്കി യുഡിഎഫ് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2006 ഫെബ്രുവരി 28ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2013 നവംബര്‍ അഞ്ചിന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. എന്നാല്‍, വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിവ്യൂ ഹരജി നല്‍കിയതിലൂടെ വലിയൊരു രാഷ്ട്രീയപോരിനാവും വരും നാളുകളില്‍ കേരളം സാക്ഷിയാവുക.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാധാരണയായി യുഡിഎഫ് പുറത്തിറക്കുന്ന തുറുപ്പുചീട്ടാണ് ലാവ്‌ലിന്‍ കേസെന്നാണ് സിപിഎം നിലപാട്. എന്നാല്‍, 2009ലെ നവകേരള മാര്‍ച്ചുപോലെ ഇത്തവണയും നവകേരള മാര്‍ച്ചിന്റെ ശ്രദ്ധ തിരിക്കാന്‍ ലാവ്‌ലിന്‍ വിവാദം കാരണമാവുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2009ലെ നവകേരള മാര്‍ച്ചിനിടെ ലാവ്‌ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയത് വിവാദമായെങ്കില്‍ ഇത്തവണ റിവ്യൂഹരജി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. അന്ന് നവകേരള യാത്ര കടന്നുവന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ലാവ്‌ലിന്‍ ചര്‍ച്ചാവിഷയമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് ആദ്യം നിലപാടെടുത്തതും വിവാദത്തിന്റെ മൂര്‍ച്ച കൂട്ടി. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവകേരള മാര്‍ച്ച് സംഘടിപ്പിച്ചതെങ്കില്‍ നാളെ കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിക്കുന്ന നവകേരള മാര്‍ച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ കേളികൊട്ടാണ്.
കേരള പഠനകോണ്‍ഗ്രസ്സിലൂടെ മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയന്‍ പ്രഖ്യാപിച്ച കേരള വികസന അജണ്ട സമൂഹത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നവകേരള മാര്‍ച്ചെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി രണ്ടുവര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോള്‍ റിവ്യൂ ഹരജി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. മൂന്നു മാസത്തിനകം റിവ്യൂ ഹരജി നല്‍കണമെന്നിരിക്കെ ഇത്രയും വൈകിയുള്ള ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്ന് സിപിഎം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കിയതില്‍ സിപിഎമ്മിന് ബേജാറില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. കേസന്വേഷിച്ച വിജിലന്‍സ് പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നതാണ്. പിന്നീട് സിബിഐ കോടതിയും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി അദ്ദേഹത്തേയും മറ്റ് ആറുപേരേയും വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതിയുടെ വിധി ചോദ്യം ചെയ്തു സിബിഐ ഹൈക്കോടതിയില്‍ ഹരജിയും നല്‍കി. വിധി വന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഹരജിയുമായി പോവാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ പോയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംഘടിപ്പിച്ച പഠന കോണ്‍ഗ്രസിലെ വികസന രേഖ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇതില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം കൂടിയാണ് ലാവ്‌ലിന്‍ കേസില്‍ ഹരജി നല്‍കാനുള്ള തീരുമാനമെന്നും കോടിയേരി പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ റിവ്യൂ ഹരജിയില്‍ കോടതിയെടുക്കുന്ന നിലപാട് സിപിഎമ്മിനും പിണറായിക്കും മാത്രമല്ല, ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it