ലാവ്‌ലിന്‍ കേസ്: പിണറായിക്കും ഐസക്കിനും സുധീരന്റെ മറുപടി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് സംബന്ധിച്ച പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും നിലപാടുകള്‍ക്കു മറുപടിയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പിണറായിയുടെയും ഐസക്കിന്റെയും പ്രതികരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഇരുനേതാക്കള്‍ക്കും അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞു.
വിടുതല്‍ ഹരജി വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവു വാങ്ങിയ പിണറായി ഇപ്പോള്‍ റിവിഷന്‍ ഹരജിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ക്കുന്നതിന്റെ യുക്തിരാഹിത്യം ജനങ്ങള്‍ സംശയത്തോടെ കാണുന്നു. വസ്തുതാപരമായും യാഥാര്‍ഥ്യബോധത്തോടെയും മറുപടി പറയാതെ ചോദ്യകര്‍ത്താക്കളെ വിഡ്ഢികളെന്നും അറിവില്ലാത്തവരെന്നും വിശേഷിപ്പിച്ചാല്‍ അകപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തില്‍ നിന്നു രക്ഷപ്പെടാനാവില്ല. ഒളിച്ചോടാതെ ജുഡിഷ്യറി മുമ്പാകെയുള്ള എല്ലാ പരിശോധനകള്‍ക്കും പിണറായി വിധേയനാവണം. ലാവ്‌ലിന്‍ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ അസഹിഷ്ണുത കാട്ടാതെ പിണറായി മറുപടി പറഞ്ഞേ തീരൂ. ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതികരിക്കാനില്ലെന്ന് വാശിപിടിച്ച സിപിഎം നേതൃത്വത്തെക്കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. എന്നാല്‍, പിണറായി പ്രകടിപ്പിച്ച അരാഷ്ട്രീയ പ്രതികരണവും വ്യക്തിഹത്യയും സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയ്ക്കു തെളിവാണ്. രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു നയം പുനര്‍നിര്‍വചിക്കാന്‍ സമയമായെന്ന് സിപിഎം നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നതായും സുധീരന്‍ കത്തില്‍ പറയുന്നു.
സിഎജിയുടെ 2005 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ റിപോര്‍ട്ടിന്റെ മൂന്നാം അധ്യായത്തിലാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ ആധുനീകരണവും നവീകരണവും സംബന്ധിച്ച വിശകലനമുള്ളത്. വിദേശ ലോണ്‍ അടക്കം 243.98 കോടി രൂപയാണ് ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ (പിഎസ്പി) പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന് 389.98 കോടി ചെലവു വന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ പിണറായിക്കും ഐസക്കിനും നിഷേധിക്കാനാവില്ല. സിഎജി റിപോര്‍ട്ടിലെ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കണ്ണടച്ചു നിഷേധിക്കുന്ന ഐസക്കിന്റെ നടപടി നട്ടുച്ചയെ കൂരിരുട്ടാക്കുന്നതിനു തുല്യമാണ്. ഐസക്കിന്റെ കത്തില്‍ പരസ്പരവിരുദ്ധമായ നിരവധി കാര്യങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വൈദ്യുതി മേഖലയെ ലാവ്‌ലിനു തീറെഴുതാനുള്ള സി വി പത്മരാജന്റെ ധാരണാപത്രം അവസാനിപ്പിച്ചത് പിണറായി വിജയനാണെന്നു പറയുന്നു.
അങ്ങനെയെങ്കില്‍ ആ ധാരണാപത്രം അവസാനിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ കോടതിയില്‍ എന്തുകൊണ്ട് കേസുണ്ടായില്ലെന്നും സുധീരന്‍ കത്തില്‍ ചോദിച്ചു.
Next Story

RELATED STORIES

Share it