thrissur local

ലാലൂരില്‍ കണ്ട വന്യജീവി കോക്കാന്‍പൂച്ചയെന്ന് വനംവകുപ്പ്; കെണി സ്ഥാപിച്ചു

തൃശൂര്‍: ലാലൂരില്‍കണ്ട അജ്ഞാത വന്യജീവി പുലിയല്ല, കോക്കാന്‍പൂച്ചയാണെന്ന് വനംവകുപ്പ്. നാട്ടുകാര്‍ക്കു ഭീഷണിയായ വന്യജീവിയെ പിടികൂടാന്‍ വലിയ കെണി സ്ഥാപിച്ചു.  രാവിലെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് പുലിയല്ല, കോക്കാന്‍ പൂച്ചയാണെന്നു സ്ഥിരീകരിച്ചത്. ലാലൂരിലെത്തിയ വന്യജീവി ഈ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളേയും കോഴികളേയും വേട്ടയാടിയിരുന്നു. കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ പ്രഭുദാസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട് പൊളിച്ച് കോഴിയെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്നു നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ലാലൂര്‍ ഡിവിഷന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ലാലി ജയിംസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഈ പ്രദേശം അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു. തൃശൂര്‍ വെസ്റ്റ് പോലിസിലും വനംവകുപ്പ് അധികൃതരേയും വിവരം അറിയിച്ചു. രണ്ടര അടി ഉയരമുള്ള ജീവി കാഴ്ചയില്‍ പുലിയേപ്പോലെയാണ്. പുലി ചാടിപ്പോകുന്നതു കണ്ടെന്നു പലരും പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ രാവിലെ എത്തിയ വനം അധികൃതര്‍ വന്യജീവിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ സ്ഥലത്തും കോഴിയേയു പൂച്ചയേയും പിടികൂടി തിന്ന സ്ഥലത്തും സൂക്ഷമപരിശോധന നടത്തിയാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്. നഗരവാസികള്‍ക്കു ഭീഷണിയായ വന്യജീവിയെ പിടികൂടി കാട്ടിലേക്കു തുറന്നുവിടാന്‍ സൗകര്യമൊരുക്കാമെന്നു വനംവകുപ്പ് അധികാരികള്‍ ഉറപ്പു നല്‍കി. വന്യജീവിയെ പിടികൂടാനുള്ള കൂടോ കെണിയോ തങ്ങള്‍ക്കില്ലെന്നാണു വനംവകുപ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍തന്നെ കൂട് സംഘടിപ്പിച്ച് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.ജെ. ആസാദ്, കെ. ശിവന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ. സജീവ്, എം.പി. രാജീവ്, സേവ്യര്‍ എല്‍തുരുത്ത് എന്നിവരും കൗ ണ്‍സിലര്‍ ലാലി ജയിംസ്, നാട്ടുകാരായ ശിവാനന്ദന്‍ പാറമേല്‍, ഒ. രാജീവ്കുമാര്‍, ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു തെരച്ചിലും പരിശോധനയും നടത്തിയത്.
Next Story

RELATED STORIES

Share it