Sports

ലാറ്റിന്‍ ലഹരി: സമനിലയുമായി ബ്രസീല്‍ രക്ഷപ്പെട്ടു

ലാറ്റിന്‍ ലഹരി: സമനിലയുമായി  ബ്രസീല്‍ രക്ഷപ്പെട്ടു
X
hilippe-Coutinho-went-close

കാലഫോര്‍ണിയ: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ സമനിലയുമായി രക്ഷപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ നടന്ന തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോടാണ് ബ്രസീല്‍ സമനിലയുമായി പോയിന്റ് പങ്കുവച്ചത്. മല്‍സരത്തില്‍ ഇക്വഡോര്‍ ബ്രസീലിനെ ഗോള്‍രഹിതമായി തളയ്ക്കുകയായിരുന്നു.
66ാം മിനിറ്റില്‍ ഇക്വഡോര്‍ താരം മില്ലര്‍ ബോലനൊസ് നേടിയ ഗോള്‍ ലൈന്‍ റഫറി അനുവദിക്കാതെ പോയത് ബ്രസീലിന് രക്ഷയാവുകയായിരുന്നു. എന്നാല്‍, റഫറിയുടെ തീരുമാനം ഇക്വഡോറിനെ തീര്‍ത്തും നിരാശരാക്കുകയും ചെയ്തു. ബോലനൊസ് അടിച്ച ഷോട്ട് എല്ലാവരും ഗോളെന്നുറച്ച നിമിഷം, എന്നാല്‍, അസിസ്റ്റന്റ് റഫറി ഗോള്‍ അനുവദിച്ചില്ല. പന്ത് ഗോള്‍ വലയ്ക്കുള്ളില്‍ കയറിയെങ്കിലും ഷോട്ടുതിര്‍ക്കുന്നതിന് മുമ്പ് ബോലനൊസ് ഗ്രൗണ്ട് ലൈന്‍ കടന്ന് പുറത്ത് പോയി എന്നായിരുന്നു അസിസ്റ്റന്റ് റഫറിയുടെ വാദം. എന്നാല്‍, റീപ്ലേയില്‍ റഫറിയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചു.
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ പെറു എതിരില്ലാത്ത ഒരു ഗോളിന് ഹെയ്തിയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എയില്‍ നടന്ന കോസ്റ്ററിക്ക-പരാഗ്വേ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
സൂപ്പര്‍ താരങ്ങളായ നെയ്മറിന്റേയും കക്കയുടെയും അഭാവത്തിലിറങ്ങിയ ബ്രസീലിന് റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ഇക്വഡോറിനെതിരേ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മല്‍സരത്തില്‍ 70 ശതമാനവും പന്ത് നിയന്ത്രിച്ച ബ്രസീലിന്റെ മുന്നേറ്റ നിര നിരാശപ്പെടുത്തുകയായിരുന്നു. ഗോളിന് ലക്ഷ്യംവച്ച് രണ്ട് തവണ മാത്രമാണ് മഞ്ഞപ്പട ഇക്വഡോര്‍ ഗോള്‍ മുഖത്തേക്ക് ഷോട്ട് പരീക്ഷിച്ചത്. ബ്രസീലിന്റെ രണ്ട് ഗോളവസരങ്ങളും ഫിലിപ്പെ കോട്ടീഞ്ഞോയാണ് നഷ്ടപ്പെടുത്തിയത്. കളിയുടെ ആറാം മിനിറ്റിലാണ് കോട്ടീഞ്ഞോയ്ക്ക് ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചത്. എന്നാല്‍, കോട്ടീഞ്ഞോയുടെ ഷോട്ട് ഉജ്ജ്വല സേവിലൂടെ ഇക്വഡോര്‍ ഗോളി കുത്തിയകറ്റുകയായിരുന്നു.
18ാം മിനിറ്റിലും കോട്ടീഞ്ഞോയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി. 37ാം മിനിറ്റില്‍ ഗോളിനായുള്ള ഇക്വഡോറിന്റെ ശ്രമം പാളിപ്പോയി. മല്‍സരത്തില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടാനുള്ള അവസരം വില്ല്യനും പാഴാക്കി. മല്‍സരത്തിനിടെ നേരിയ പരിക്കേറ്റ വില്ല്യനെ 76ാം മിനിറ്റില്‍ തിരിച്ചുവിളിച്ച ബ്രസീല്‍ കോച്ച് ദുംഗ ലൂക്കാസ് മൗറയെ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.
ഹെയ്തി പൊരുതി തോറ്റു
കന്നി കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കുന്ന ഹെയ്തി രണ്ടു തവണ ചാംപ്യന്‍മാരായ പെറുവിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 61ാം മിനിറ്റില്‍ പൗലോ ഗ്വെരേരോയാണ് പെറുവിന്റെ വിജയഗോള്‍ നിക്ഷേപിച്ചത്.
ഫ്‌ളോറസിന്റെ ക്രോസ് ഗ്വെരേരോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ഗ്വെരേരോ പെറുവിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി മാറി. 27 ഗോളുകളാണ് ഗ്വെരേരോ രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയത്. കൂടാതെ കോപ അമേരിക്കയില്‍ പെറുവിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറാനും ഗ്വെരേരോയ്ക്ക് സാധിച്ചു. കോപ അമേരിക്കയില്‍ 11 തവണയാണ് ഗ്വെരേരോ സ്‌കോര്‍ ചെയ്തത്.
മല്‍സരം അവസാനിക്കുന്നതിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ സമനില ഗോള്‍ നേടാനുള്ള അവസരം ഹെയ്തി പാഴാക്കി. ജെഫ് ലൂയിസിന്റെ ക്രോസില്‍ ബെല്‍ഫോര്‍ട്ട് ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ലക്ഷ്യം തെറ്റി പുറത്തുപോവുകയായിരുന്നു. മല്‍സരത്തില്‍ ഗോളിനുള്ള നിരവധി അവസരങ്ങളാണ് പെറുവിനെ തേടിയെത്തിയത്.
പന്തടക്കത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ പെറുവിന് ഹെയ്തിക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി ഒന്നാംസ്ഥാനത്തെത്താനും പെറുവിനായി. ഓരോ പോയിന്റ് വീതം നേടി ബ്രസീല്‍ രണ്ടാമതും ഇക്വഡോര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
കോസ്റ്ററിക്കയും പരാഗ്വേയും ഒപ്പത്തിനൊപ്പം
ടൂര്‍ണമെന്റിലെ മരണഗ്രൂപ്പെന്ന് വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എയില്‍ കോസ്റ്ററിക്കയും പരാഗ്വേയും പോയിന്റ് പങ്കിട്ടു. ഇരു ടീമും മികച്ച കളി കെട്ടഴിച്ചെങ്കിലും ഗോള്‍ നേടാനാവാതെ പോയതോടെ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.
പന്തടക്കത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ ആക്രമിച്ചു കളിക്കുന്നതില്‍ കോസ്റ്ററിക്ക നേരിയ മൂന്‍തൂക്കം നേടി. ഗോളിനായി കോസ്റ്ററിക്ക നാലു തവണ നിറയൊഴിച്ചപ്പോള്‍ ഒരു വട്ടം മാത്രമാണ് പരാഗ്വേ നിറയൊഴിച്ചത്.
മല്‍സരത്തില്‍ 29 ഫൗളുകള്‍ പിറന്നപ്പോള്‍ ഒരു ചുവപ്പ് കാര്‍ഡും അഞ്ച് മഞ്ഞക്കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോസ്റ്ററിക്ക താരം കെന്‍ഡല്‍ വാട്‌സനാണ് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത്.
ആദ്യറൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് പോയിന്റുമായി കൊളംബിയയാണ് ഗ്രൂപ്പ് എയില്‍ തലപ്പത്ത്. ഓരോ പോയിന്റ് വീതം നേടി കോസ്റ്ററിക്കയും പരാഗ്വേയും തൊട്ടുപിറകിലുണ്ട്. ആദ്യ കളിയില്‍ കൊളംബിയയോട് തോറ്റ ആതിഥേയരായ അമേരിക്കയാണ് ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

[related]
Next Story

RELATED STORIES

Share it