Sports

ലാറ്റിന്‍ ലഹരി:  പറന്നുയരാന്‍ മഞ്ഞക്കിളികള്‍

ലാറ്റിന്‍ ലഹരി:  പറന്നുയരാന്‍ മഞ്ഞക്കിളികള്‍
X
Dani-Alves-practises-his-baറോസ് ബൗള്‍ (അമേരിക്ക): തുടക്കം ഗംഭീരമാക്കാനുറച്ച് മുന്‍ ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ ബ്രസീല്‍ കോപ അമേരിക്കയിലെ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഇക്വഡോറാണ് ആദ്യ മല്‍സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30നാണ് പോരാട്ടം.
ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ പരാഗ്വേ കോസ്റ്ററിക്കയെ എതിരിടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ പെറു ഹെയ്ത്തിയെ നേരിടും. രാത്രി 2.30നാണ് പരാഗ്വേ-കോസ്റ്ററിക്ക മല്‍സരം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം നാളെ രാവിലെ 5നാണ് പെറു-ഹെയ്തി മല്‍സരം.
കാലഫോര്‍ണിയയിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തിലാണ് ബ്രസീല്‍-ഇക്വഡോര്‍ പോരാട്ടം അരങ്ങേറുന്നത്. ഏറ്റവും കൂടുതല്‍ കാണികള്‍ ടൂര്‍ണമെന്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയാണ് റോസ് ബൗള്‍. 92,524 പേര്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് മല്‍സരം നേരിട്ട വീക്ഷിക്കാനാവും.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മറില്ലാതെയാണ് എട്ട് തവണ ചാംപ്യന്‍മാരായ ബ്രസീല്‍ കോപ അമേരിക്കയ്‌ക്കെത്തിയിരിക്കുന്നത്. താരത്തിന്റെ ക്ലബ്ബായ ബാഴ്‌ലോണ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നെയ്മറിനെ കോപയ്ക്കുള്ള ടീമില്‍ നിന്നു ബ്രസീലിന് ഒഴിവാക്കേണ്ടിവന്നത്.
നെയ്മറുടെ അഭാവത്തില്‍ ടൂര്‍ണമെന്റില്‍ 10ാം നമ്പര്‍ ജഴ്‌സി യുവ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ലിമയാണ് അണിയുക. നെയ്മറിന് പുറമേ മുന്‍ ലോക ഫുട്‌ബോളറും സൂപ്പര്‍ പ്ലേമേക്കറുമായ കക്കയുടെ അഭാവവും ടൂര്‍ണമെന്റില്‍ മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് കോച്ച് ദുംഗ. പരിക്കാണ് കക്കയ്ക്ക് വില്ലനായത്. കക്കയ്ക്കു പകരം 26കാരനായ സാവോപോളോ മിഡ്ഫീല്‍ഡര്‍ പൗലോ ഹെന്റിക് ഗാന്‍സോയെ ബ്രസീല്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്ക് മൂലം വോള്‍ഫ്‌സ്ബര്‍ഗ് മിഡ്ഫീല്‍ഡര്‍ ലൂയിസ് ഗുസ്താവോയും കോപ അമേരിക്കയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് കോപ അമേരിക്കയില്‍ നിന്ന് പിന്‍മാറുന്ന ആറാമത്തെ ബ്രസീല്‍ താരമാണ് ഗുസ്താവോ. ഇതോടെ ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഏറ്റവും വില്ലനായി മാറുകയാണ് പരിക്ക്.brazil-final

ഗുസ്താവോയ്ക്കു പകരം പുതുമുഖം വലാസ് ഒലിവെയ്‌റ ഡോസ് സാന്റോസിനെ ബ്രസീല്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. 22 കാരനായ താരം കരാര്‍ വായ്പയില്‍ ഗ്രെമിയോക്കു വേണ്ടിയാണ് ഇതുവരെ കളിച്ചിരുന്നത്. പരിക്കേറ്റ ഗുസ്താവോയ്ക്കു പകരം പുതുമുഖം വാലസ് ബ്രസീല്‍ ടീമില്‍
നേരത്തെ പരിക്കിനെ തുടര്‍ന്ന് ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഡഗ്ലസ് കോസ്റ്റയും കോപയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍, പരിക്കു ഭേദമായി പ്രമുഖ സ്‌ട്രൈക്കര്‍ ഹള്‍ക്ക് മടങ്ങിയെത്തുന്നത് ബ്രസീല്‍ ക്യാംപിന് ആശ്വാസമായിട്ടുണ്ട്. എങ്കിലും ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്താമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. ഹള്‍ക്ക്, ലിമ, ജൊനാസ്, ഗബ്രിയേല്‍, ഫെലിപ്പെ കോട്ടീഞ്ഞോ, വില്ല്യന്‍ എന്നിവരാണ് ബ്രസീലിന്റെ കുന്തമുനകള്‍.
കഴിഞ്ഞ വര്‍ഷം ചിലിയില്‍ അരങ്ങേറിയ കോപയില്‍ ബ്രസീലിന്റെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചിരുന്നു. 2007ലാണ് ബ്രസീല്‍ അവസാനമായി കോപയില്‍ കിരീടം ഉയര്‍ത്തിയത്. ഇക്വഡോറിന് പുറമേ പെറുവും ഹെയ്തിയുമാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ മറ്റു എതിരാളികള്‍.
ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ടു സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലെത്തുക. അട്ടിമറി നടന്നില്ലെങ്കില്‍ ബ്രസീലും ഇക്വഡോറും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള പെറുവിനെ എഴുതി തള്ളാനും ഇരു ടീമുകളും തയ്യാറല്ല.
അതേസമയം, ബ്രസീലിനെ ഞെട്ടിച്ച് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാനുള്ള തയ്യാറെടുപ്പിലാണ് ഇക്വഡോര്‍. ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ഇക്വഡോറിനെ ബ്രസീല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. യോഗ്യതാറൗണ്ടില്‍ ശക്തരായ അര്‍ജന്റീന, ഉറുഗ്വേ എന്നീ വമ്പന്‍മാരെ ഇക്വഡോര്‍ അട്ടിമറിച്ചിരുന്നു.
കോപയില്‍ ഇതുവരെ കിരീടമണിയാന്‍ ഇക്വഡോറിന് സാധിച്ചിട്ടില്ല. രണ്ട് തവണ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് കോപയില്‍ ഇക്വഡോറിന്റെ ഏറ്റവും വലിയ മുന്നേറ്റം. അന്റോണിയോ വലന്‍സിയ, മൈക്കല്‍ അരോയോ, ജെഫേഴ്‌സന്‍ മൊണ്ടേറോ എന്നിവരുടെ സാന്നിധ്യമാണ് ഇക്വഡോറിന്റെ കരുത്ത്.
അതേസമയം, ആദ്യമായാണ് ഹെയ്തി കോപ അമേരിക്കയില്‍ പന്ത് തട്ടാനൊരുങ്ങുന്നത്. 1939, 1975 വര്‍ഷങ്ങളില്‍ കോപ കിരീടം ചൂടിയ പെറു നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും അറുതിയിടാമെന്നുള്ള പ്രതീക്ഷയിലാണ് അമേരിക്കയിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ നടക്കുന്ന പരാഗ്വേ-കോസ്റ്ററിക്ക പോരാട്ടം ആവേശകരമാവാനിടയുണ്ട്. കോപയില്‍ രണ്ട് തവണ കിരീടം ഉയര്‍ത്തിയ പരാഗ്വേയ്ക്ക് മികച്ച ഫോമിലുള്ള കോസ്റ്ററിക്കയെ തോല്‍പ്പിക്കണമെങ്കില്‍ മികച്ച പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും.
ടൂര്‍ണമെന്റിലെ തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന സന്നാഹ മല്‍സരത്തില്‍ മെക്‌സിക്കോ 1-0ന് നിലവിലെ ചാംപ്യന്‍മാരായ ചിലിയെ തോല്‍പ്പിച്ചു. 87ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it