kozhikode local

ലഹരി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റില്‍

താമരശ്ശേരി: പുതു തലമുറ ലഹരി മരുന്നില്‍പെട്ട എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ്  പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് മേറോത്ത് പറമ്പത്ത് നിഹാല്‍(25) നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ 17 വീര്യം കൂടിയ സ്റ്റാമ്പുകളുമായി ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ നിന്ന് പോലിസ് പിടികൂടിയത്. വടകര റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഏറെ പുതു തലമുറ ഇനത്തില്‍പെട്ട സ്റ്റാമ്പുകള്‍ ഡിജെ പാര്‍ട്ടികളിലും മറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു സ്റ്റാമ്പില്‍ നിന്നു തന്നെ പത്ത് മണിക്കൂറോളം തുടര്‍ച്ചയായി ലഹരി നല്‍കുന്നതും ഉത്തേജനം ലഭിക്കുന്നതുമാണ് ഇത്.  ഇതിന്റെ ഉപഭോക്താക്കള്‍ സിനിമാ ഫീല്‍ഡിലുള്ളവരും ഐടി ജീവനക്കാരുമാണ്. വിദേശത്തു നിന്ന് ബാംഗ്ലൂര്‍, ഗോവ, മുബൈ എന്നിവിടങ്ങള്‍ വഴിയാണ് ഇവ കേരളത്തില്‍ എത്തുന്നതെന്ന് പോലിസ് പറഞ്ഞു. സാധാരണ പരിശോധനയില്‍ ഇവ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ യുവാക്കളുടെ ഹരമായി മാറിയ ലഹരി വസ്തുവാണിത്. പിടികൂടുന്നവര്‍ക്ക് പത്ത് വഷത്തിലധികം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വില്‍പന നടത്തിയാതായി പോലിസ് പറഞ്ഞു.
ഫോണില്‍ വിളിച്ചു ആവശ്യപ്പെടുന്നവര്‍ക്കാണ് ഇയാള്‍ ലഹരി  സ്റ്റാമ്പ് എത്തിച്ചു കൊടുക്കുന്നത്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഇതിന്റെ ഇരകളായി മാറിയതായി പോലിസ് സൂചന നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുക്കത്ത് നിന്നും 260 നിട്രോസന്‍ ഗുളികകളുമായും തിരുവമ്പാടിയില്‍ നിന്നും എംഡിഎംഎ എക്സ്റ്റസി  ലഹരിമരുന്നും പിടികൂടിയിരുന്നു. ജില്ലയില്‍ മലയോര മേഖല കേന്ദ്രീകരിച്ചു പുതു തലമുറ  ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാവുന്നതിന്റെ സൂചനയാണിതെന്ന് പോലിസ് പറയുന്നു.
താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍, നാര്‍ക്കോട്ടിക്  സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ താമരശ്ശേരി എസ്‌ഐ സായൂജ്,എഎസ്‌ഐ അനില്‍ കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു,ഷിബില്‍ ജോസഫ്,ഹരിദാസന്‍,രജ്ഞിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it