kozhikode local

ലഹരി വില്‍പ്പനയ്‌ക്കെതിരേ നടപടിയെടുക്കും: താലൂക്ക് വികസന സമിതി

വടകര: മയക്കുമരുന്നിന്റെയും നിരോധിത പുകയിലെ ഉല്‍പന്നങ്ങളുടെയും വില്‍പനയും, ഉപയോഗവും വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടായാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് റെയ്ഡും നിരീക്ഷണവും കര്‍ശനമാക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
അന്യസംസ്ഥാന തൊഴിലാളികളടക്കുമുള്ള വന്‍മാഫിയ സംഘങ്ങള്‍ കേന്ദ്രീകരിച്ച് താലൂക്കിന്റെ പല ഭാഗങ്ങളിലും മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി സിമിതിയംഗം രാജേന്ദ്രന്‍ കപ്പള്ളി യോഗത്തില്‍ അറിയിച്ചു. ഈ കാര്യത്തില്‍ പോലിസും എക്‌സൈസും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ചോമ്പാല പോലിസ് സ്‌റ്റേഷന് കെട്ടിടം പണിയാന്‍ സത്വര നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുന്നയിച്ചു. അഴിയൂര്‍ പഞ്ചായത്ത് കെട്ടിടം പണിയാന്‍ സ്ഥലം നല്‍കിയിട്ടും റവന്യു വകുപ്പ് സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറിയില്ലെന്ന് സമിതിയംഗം പ്രദീപ് ചോമ്പാല യോഗത്തില്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള നടപടി കൈകൊള്ളുമെന്ന് എം എല്‍എ സി കെ നാണു യോഗത്തില്‍ അറിയിച്ചു.
വടകര ടൗണില്‍ ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാത്ത പ്രശ്‌നവും, അമിത ചാര്‍ജ് വാങ്ങുന്നുവെന്ന പരാതിയും, ബസ് യാത്രാ സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യാത്രക്കാരുടെ പ്രശ്‌നം സമിതിയംഗം ടി വി ബാലകൃഷ്ണനാണ് ഉന്നയിച്ചത്. താലൂക്കിലെ വിവിധ മേഖലകളില്‍ കുടിവെള്ള വിതരണം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.
കാലവര്‍ഷം ആരംഭത്തില്‍ തന്നെ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് യോഗത്തില്‍ ചര്‍ച്ച ചെയ്തു. റോഡ് തകരുന്നത് ഒഴിവാക്കുന്ന നടപടിയെടുക്കാന്‍ പിഡബ്ല്യുഡി അടിയന്തിര നടപടി സ്വീകരിക്കണം.
വടകര പഴയബസ്സ്റ്റാന്റിലെ മൂത്രപ്പുര നിറഞ്ഞൊഴുകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മുന്‍സിപ്പാലിറ്റി പരിഹാരം കാണാനും, കുട്ടോത്ത്- അട്ടക്കുണ്ട്, ചാനിയംകടവ്- പേരാമ്പ്ര റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണി ചെയ്യാനും യോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ നളിനി അധ്യക്ഷത വഹിച്ചു. സി കെ നാണു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അച്യുതന്‍(പുറമേരി), ഇ ടി അയ്യൂബ്(അഴിയൂര്‍), പ്രബില കൃഷ്ണന്‍(കുറ്റിയാടി), പി പി സുരേഷ് ബാബു(തൂണേരി), ആര്‍ ഗോപാലന്‍, രവീന്ദ്രന്‍ കപ്പള്ളി, പി കെ ഹബീബ്, പ്രദീപ് ചോമ്പാല, അഡ്വ. ഇ എം ബാലകൃഷ്ണന്‍, പുത്തൂര്‍ അസീസ്, തഹസില്‍ദാര്‍ കെ വി ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it