malappuram local

ലഹരി ഉല്‍പന്നങ്ങളുടെ വരവു തുടങ്ങി; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

പെരിന്തല്‍മണ്ണ: ക്രിസ്മസ് - പുതുവല്‍സര വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് ലഹരി ഉല്‍പന്നങ്ങള്‍ എത്തിത്തുടങ്ങി. ലഹരി ഒഴുക്കിന് തടയിടാന്‍ പോലിസ്-എക്‌സൈസ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി, തിരൂര്‍, അങ്ങാടിപ്പുറം എന്നിവിടങ്ങളിലും റയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലൂടെയുമാണ് ലഹരി ഉല്‍പന്നങ്ങളുടെ ഇടപാടുകള്‍ നടക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി, ഓറഞ്ച്, തണ്ണിമത്തന്‍, തക്കാളി എന്നിവയുടെ ലോഡുകള്‍ക്കുള്ളിലാണ് കഞ്ചാവ്, പാന്‍പരാഗ്, ഗുഡ്ക്ക, ശംഭു തുടങ്ങിയ ലഹരി ഉല്‍പന്നങ്ങള്‍ എത്തുന്നത്. കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ലക്ഷ്യം.
കോളജ് വിദ്യാര്‍ഥികളെ തന്നെ കരിയര്‍മാരാക്കുന്നതായാണ് വിവരം. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിനില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി വിവരമുണ്ട്. പല കോളജ് സ്‌കൂള്‍ വിദ്യാര്‍ഥികളും ക്ലാസ് കട്ട് യെ്ത് ട്രെയിന്‍ യാത്ര നടത്തുന്നത് ഇത്തരം സംഘങ്ങളെ കാണാനാണെന്ന് യാത്രക്കാര്‍ വിശദീകരിക്കുന്നു. പലപ്പോഴും ട്രെയിനുകളില്‍ വിദ്യാര്‍ഥികളെ സംശയാസ്പദമായ നിലയില്‍ കാണാറുണ്ടെന്ന് യാത്രക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ സംഘം താവളമാക്കിയതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്താനെത്തിയ രണ്ടംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തില്‍ പോലിസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. മുള്ള്യാകുര്‍ശി, വലമ്പൂര്‍ പ്രദേശങ്ങളില്‍ കഞ്ചാവിന് അടിമയായ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് വിതരണക്കാരെക്കുറിച്ച് വിവരം നല്‍കിയെങ്കിലും നടപടി ശക്തമല്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പെരിന്തല്‍മണ്ണ എക്‌സൈസിനു കീഴില്‍ രണ്ട് കഞ്ചാവ് കേസിലും ഏഴ് അബ്കാരി കേസുകളിലുമായി എട്ട് പ്രതികള്‍ അറസ്റ്റിലായി. 30 ലിറ്റര്‍ മദ്യം 54 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം, 150 ഗ്രാം കഞ്ചാവും പിടികൂടി. 260 വാഹന പരിശോധനയും നടത്തിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സച്ചിദാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it