thiruvananthapuram local

ലഹരി ഉപയോഗം തടയാന്‍ നടപടി വേണമെന്ന് വികസനസമിതി യോഗം

തിരുവനന്തപുരം: വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും ലഹരി ഉപയോഗം തടയാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉന്നയിക്കേണ്ട ജനകീയ പ്രശ്‌നങ്ങള്‍ എല്ലാ മാസവും പത്താം തിയ്യതിക്കു മുമ്പ് ജനപ്രതിനിധികള്‍ വികസന സമിതിയെ അറിയിക്കണമെന്നും യോഗം തീരുമാനമെടുത്തു. എല്ലാ വിദ്യാലയങ്ങള്‍ക്കു മുന്നിലും ലഹരി ഉപയോഗം സംബന്ധിച്ചും മറ്റു പ്രശ്‌നങ്ങളും അറിയിക്കാന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന് ഡോ. എ സമ്പത്ത് എംപി ആവശ്യപ്പെട്ടു.
ലഹരിവ്യാപനം തടയാന്‍ സ്‌കൂളുകള്‍ക്കു മുന്നില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങള്‍ക്കു മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാന്‍ നടപടി വേണമെന്ന് എ സമ്പത്ത് എംപി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ആവശ്യമായ ശൗചാലയങ്ങളില്ലാത്ത അവസ്ഥ പരിഹരിക്കണം. പൊതുസ്ഥലങ്ങളിലും പെട്രോള്‍ബങ്കുകളിലുമുള്ള ശൗചാലയങ്ങള്‍ ഉപയോഗക്ഷമമാണെന്ന് ഉറപ്പാക്കണം. തലസ്ഥാനത്തെ അശാസ്ത്രീയമായ ട്രാഫിക് ഐലന്‍ഡുകളെക്കുറിച്ച് വിദഗ്ധ പഠനം വേണമെന്നും എംപി ആവശ്യപ്പെട്ടു. ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ വിലയിരുത്തി നടപടി വേണമെന്ന് സി ദിവാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അനധികൃത ക്വാറികളും ഇവിടേക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലും മണ്ണുകടത്തലും വന്‍പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാറികളുടെ വിഷയത്തില്‍ നിയമപരമായി കൈക്കൊള്ളാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ടിപ്പറുകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കി. ആറ്റിങ്ങലിലെ പാതവികസനത്തിന്റെയും ബൈപാസിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനം വേണമെന്ന് ബി സത്യന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അരുവിക്കര ഡാമിലെ ചെളി നീക്കം ചെയ്യുന്നതും ശേഷി കൂട്ടുന്നതും സംബന്ധിച്ച് വിദഗ്ധ പഠനം വേണമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും അനുബന്ധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മണ്ഡലംതല ഉപസമിതികള്‍ കൂടാനുള്ള സാധ്യത പരിഗണിക്കണമെന്ന് ഡി കെ മുരളി എംഎല്‍എ ആവശ്യപ്പെട്ടു. പൂവാര്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമഗ്രപദ്ധതി വേണമെന്ന് എം വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു. വെള്ളായണി കുടിവെള്ളപദ്ധതിക്ക് പുതിയ വിതരണ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കടമ്പാട്ടുകോണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ നിലപാടെടുക്കുന്നതായി വി ജോയി എംഎല്‍എ ചൂണ്ടിക്കാട്ടി.
ആവശ്യമായ സ്ഥലം എതിര്‍വശത്ത് ഉണ്ടായിട്ടും നിരവധി പേരെ കുടിയൊഴിപ്പിക്കുന്ന രീതിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ മറുപടി നല്‍കി. പാപനാശത്ത് പൊളിച്ചുമാറ്റിയ ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കാന്‍ നടപടി വേണമെന്ന് വി ജോയി എംഎല്‍എ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണമെന്നും മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃക്രമീകരിക്കണമെന്നും കെ ആന്‍സലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പൊഴിയൂരില്‍ പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊഴിയുടെ കാര്യത്തില്‍ പരിശോധിച്ച് മറുപടി നല്‍കാന്‍ ജില്ലാ കലക്ടര്‍ മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വിവിധ മേഖലകളിലെ പട്ടയം, റീസര്‍വേ വിഷയങ്ങളും മഴക്കെടുതി ദുരിതാശ്വാസം സംബന്ധിച്ച പ്രശ്‌നങ്ങളും എംഎല്‍എമാര്‍ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. അപകടകരമായ മരങ്ങളുടെ ചില്ലകള്‍ വെട്ടാത്തതിനാല്‍ ദുരന്തമുണ്ടായാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
വികസനസമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ കര്‍ശനമായി പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സന്‍ ഡബ്ല്യൂ ആര്‍ ഹീബ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ഹരിദാസ്, ശശി തരൂര്‍ എംപിയുടെ പ്രതിനിധി എ ഷിബു, വി ശശി എംഎല്‍എയുടെ പ്രതിനിധി കെ എ സമീന്‍ ഷാ, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ രാജേന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it