ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണപിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് വിരുദ്ധ ശക്തികള്‍ക്കെതിരേ ജനങ്ങളുടെ സഹകരണത്തോടെ പോലിസ്, എക്‌സൈസ് വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളെ തടയാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. മയക്കുമരുന്ന് - ലഹരി മാഫിയയെ തടയാന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്തുള്ള കര്‍മപരിപാടിയാണ് ആവശ്യം. അത്തരം ഒരു കര്‍മപരിപാടിയാണ് പോലിസ്, എക്‌സൈസ് വകുപ്പുകള്‍ ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഭരണസംവിധാനത്തെ തന്നെയും അപകടപ്പെടുത്തുന്ന മഹാവിപത്തായി ലഹരി മാഫിയ വളര്‍ന്നുകഴിഞ്ഞു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍തന്നെ ഇതിനെതിരായി ശരിയായ ബോധവല്‍ക്കരണവും ആവശ്യമാണ്. മയക്കുമരുന്നിനെതിരേ സാമുഹിക-രാഷ്ട്രീയ-സാമുദായിക-സന്നദ്ധസംഘടനകള്‍ ഒത്തുചേര്‍ന്നുള്ള ജനകീയസമിതികള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
കുടുംബശ്രീ, എന്‍ജിഒകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാക്ഷരതാസമിതികള്‍, ഗ്രന്ഥശാലകള്‍ എന്നിവയെല്ലാം ഈ ജനകീയസമിതിയില്‍ അംഗങ്ങളാവണം. വിപണനത്തെയും ഉപയോഗത്തെയും ഏറ്റവും ഫലപ്രദമായി തടയാന്‍ ജനകീയസമിതിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുടെ ദുരിതം പേറുന്നത് ഏറെയും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ വനിതാസംഘടനകള്‍ ലഹിരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തമായി കരുതി പ്രവര്‍ത്തിക്കണം. ആ വെല്ലുവിളി അവര്‍ ഏറ്റെടുക്കണം. വ്യാജമദ്യം, മയക്കുമരുന്ന് സംഭവങ്ങള്‍ എവിടെക്കണ്ടാലും അതില്‍ ഇടപെടണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ പറ്റില്ലെന്ന നിലപാട് സ്വീകരിക്കണം. ആവശ്യമായ സമയത്ത് അധികൃതരുടെ ഇടപെടലുകളും ഉറപ്പാക്കാം.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിപണനം നടത്തുന്നത് തടയാന്‍ പിടിഎകള്‍ വിചാരിച്ചാല്‍ ഒരു പരിധിവരെ സാധിക്കും. പാന്‍മസാല നിരോധിച്ചെങ്കിലും അവ വേഷംമാറി മിഠായി, ചോക്കലേറ്റ് രൂപങ്ങളില്‍ സ്‌കൂളുകളിലെത്തുന്നുണ്ട്. ഇങ്ങനെ വേഷംമാറിവരുന്നവയ്‌ക്കെതിരേ നിതാന്തജാഗ്രത പുലര്‍ത്താനും ഇടപെടാനും കഴിയണം. കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആ നെറ്റ്‌വര്‍ക്കിനെ തകര്‍ക്കുന്നതിനുള്ള കര്‍മപരിപാടിയാണ് എക്‌സൈസ് കമ്മീഷണര്‍ അവതരിപ്പിച്ചത്. ഈ കര്‍മപദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.
മാഫിയകളെക്കുറിച്ചൊക്കെ നമ്മള്‍ ഇവിടെ ധാരാളം സംസാരിക്കുന്നുണ്ട്. എന്നാല്‍ ഡ്രഗ്‌സ് മാഫിയ അതുപോലെയല്ല. അവര്‍ എല്ലായിടത്തും ഇടപെടും. ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ ഇടപെടുകയും ഭരണസംവിധാനങ്ങളെ അപായപ്പെടുത്തുകയും ചെയ്യും. അങ്ങനെ മഹാവിപത്തായി മാറുന്ന ഡ്രഗ്‌സ് മാഫിയ—ക്കെതിരേ കരുതലോടെ സമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. വി എസ് ശിവകുമാര്‍ എംഎല്‍എ, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്തു.
Next Story

RELATED STORIES

Share it