ernakulam local

ലഹരിമരുന്നുകടത്ത് വ്യാപകം; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലേക്ക് വന്‍തോതില്‍ കടത്തിയ ലഹരിമരുന്നുകളുമായി രണ്ടുപേരെ കൊച്ചി സിറ്റി ഷാഡോ പോലിസും സെന്‍ട്രല്‍ പോലിസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി കുളച്ച മണിയെന്ന മണികണ്ഠന്‍, നാഗര്‍കോവില്‍ സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും ബ്യുപ്രിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും മുപ്പതോളം നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു. ക്രിസ്മസ് പുതുവല്‍സര റേവ് പാര്‍ട്ടികള്‍ക്ക് ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പോലിസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിവരികയാണ്. ഇതേത്തുടര്‍ന്ന് കൊച്ചി നഗരം രഹസ്യറേവ് പാര്‍ട്ടികളുടെ ഹബ്ബ് ആകാന്‍ സാധ്യതയുണ്ടെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നിര്‍ദേശപ്രകാരം ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ അനന്തലാല്‍, ഷാഡോ എസ്‌ഐ ഹണി കെ ദാസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. നഗരത്തിലെ ഒന്‍പതോളം സ്ഥലങ്ങളില്‍ അതീവ രഹസ്യമായി പുതുവല്‍സര റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചു. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവവഴി ലിങ്ക് അയച്ചായിരുന്നു ഇത്തരം റേവ് പാര്‍ട്ടികളിലേക്ക് ലഹരി ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. പതിനായിരം രൂപയോളം എന്‍ട്രി ഫീസായി നിശ്ചയിച്ച് ഒരാള്‍ക്ക് രണ്ടുദിവസത്തേക്ക് ആവശ്യമായ വിവിധ തരത്തിലുള്ള ലഹരിമരുന്നുകള്‍ അടങ്ങുന്ന പാക്കേജ് ആയിരുന്നു ഇത്തരം റേവ് പാര്‍ട്ടി നടത്തിപ്പുകാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ അതീവ കര്‍ക്കശമായാണ് കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഒരെണ്ണത്തിന് മുപ്പതു രൂപയ്ക്കു ലഭിക്കുന്ന ഈ ആംപ്യൂളുകള്‍ വന്‍തോതില്‍ ശേഖരിച്ച് ട്രെയിന്‍മാര്‍ഗം നഗരത്തില്‍ എത്തിച്ച് ആയിരത്തിയഞ്ഞൂറ് രൂപയ്ക്കായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.  എഎസ്‌ഐ നിസാര്‍, സിപിഒ ഹരിമോന്‍, ജയരാജ്, സാനു, രഞ്ജിത്ത്, പ്രശാന്ത്, സുനില്‍, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it