kozhikode local

ലഹരിഗുളികകളും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്്്: നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന ലഹരിഗുളികകളും കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. 192 ലഹരി ഗുളികകളുമായി വേങ്ങേരി സ്വദേശി ഷാനി (27)യെ    കസബ പോലിസും 130 ഗ്രാം കഞ്ചാവുമായി  തിരൂര്‍ ചമ്രവട്ടം സ്വദേശി അബു (65) വിനെ ടൗണ്‍ പോലിസുമാണ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഗുളികകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന വിവരത്തെ തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സിറ്റി പോലിസും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപവാസികളെ ലഹരി ഉപയോഗം സംബന്ധിച്ച വിവരം നല്‍കുന്നതിനായി നിയോഗിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഷാനി പോലിസിന്റെ കെണിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ കസബ സബ് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന്‍ കോളജിന്റെ പരിസരത്ത് എത്തിയ പോലിസ് സംഘം ഇയാള്‍ വാഹനത്തിലിരുന്ന് ലഹരി ഗുളിക വില്‍പന നടത്തുന്നത് കണ്ടു. പോലിസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നും 168 സ്പാസ്‌മോ പ്രോക്‌സി വോണ്‍ ഗുളികകളും 24 നൈട്രോ സെപാം ഗുളികകളും കണ്ടെടുത്തു. ലഹരി ഉപയോഗത്തിന്  പണം കണ്ടെത്തുന്നതിനാണ് ഷാനി ലഹരി ഗുളികകള്‍ വില്‍ക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ലഹരി ഗുളികകള്‍ എത്തിച്ചു കൊടുക്കുന്നവരെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുമ്പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് ബീച്ച് പരിസരത്ത് വച്ച് അബു പിടിയിലായത്. ടൗണ്‍ പോലിസ് പരിധിയില്‍പ്പെട്ട വലിയങ്ങാടി, സൗത്ത് ബീച്ച്, റെയില്‍വേ സ്റ്റേഷന്‍ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ടൗണ്‍ എസ്‌ഐ ശംബുനാഥിന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലിസും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, ഷാജി, സോജി, രജിത്ത്ചന്ദ്രന്‍, രതീഷ്, എന്നിവര്‍ ഉള്‍പ്പെട്ട അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it