malappuram local

ലഹരിക്കെതിരേ സന്ദേശമുള്ള അപൂര്‍വ ടെലിഫോണ്‍ കാര്‍ഡുകളുമായി മുഹമ്മദ്‌

കൊണ്ടോട്ടി: മദ്യത്തിനെതിരേയുള്ള സന്ദേശം വിളിച്ചോതുന്ന അപൂര്‍വ ടെലിഫോണ്‍ കാര്‍ഡുകളുമായി കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപ്പറമ്പ് മേലേ വീട്ടില്‍ എം വി മുഹമ്മദ്. വിവിധ ദിനങ്ങളിലും മറ്റും ലോകോത്തര രാജ്യങ്ങള്‍ പുറത്തിറക്കിയ നാണയങ്ങളും സ്റ്റാംപുമടക്കം സൂക്ഷിക്കുന്ന മുഹമ്മദിന്റെ ശേഖരത്തിലാണു മദ്യവിരുദ്ധത വിളിച്ചോതുന്ന അപൂര്‍വ ടെലിഫോണ്‍ കാര്‍ഡുകളുള്ളത്.
ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടെലിഫോണ്‍ കാര്‍ഡിലൂടെ മദ്യവിരുദ്ധ സന്ദേശം കുറിച്ചിട്ടിരിക്കുന്നത്. 2015ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 100 രൂപയുടെ അപൂര്‍വ നാണയം, യോഗാ ദിനസ്മരണയ്ക്കായി പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സ്റ്റാംപും മിനിയേച്ചര്‍ഷീറ്റും തുടങ്ങിയ അപൂര്‍വ ശേഖരണമാണ് മുഹമ്മദിന്റെ കൈവശമുള്ളത്. മ്യൂസിയങ്ങളിലൂടെയും എക്‌സിബിഷനിലൂടെയും മാത്രം പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന അപൂര്‍വ നാണയങ്ങളും കറന്‍സികളും മുഹമ്മദിന്റെ ശേഖരത്തിലുണ്ട്.
പ്രചാരണത്തിലില്ലാത്ത 60, 75, 100, 125, 150, 200, 500, 1000 തുടങ്ങി വിവിധ സ്മരണകള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളും എം വി മുഹമ്മദിന്റെ ശേഖരണത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നാണയങ്ങളെല്ലാം 35 ഗ്രാം തുക്കത്തിലും 44 എംഎം ഡയാമീറ്ററിലും 50ശതമാനം വെള്ളിയിലും കോപ്പര്‍,നിക്കല്‍,സിങ്ക്,ലോഹക്കൂട്ടിലുമാണ് നിര്‍മിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍, കറന്‍സികള്‍, അപൂര്‍വ വാര്‍ത്തകള്‍, ടെലിഫോണ്‍ കാര്‍ഡ് ശേഖരം, പുരാവസ്ഥുക്കള്‍, മുദ്രപത്ര ശേഖരം തുടങ്ങിയവയും മുഹമ്മദ് സൂക്ഷിക്കുന്നു. ചരിത്രം തേടുന്നവര്‍ക്ക് എന്നും മുതല്‍ കൂട്ടാണ് മുഹമ്മദിന്റെ ശേഖരം.
കൊണ്ടോട്ടി കുറപ്പത്ത് ആധാരമെഴുത്ത് ജോലി ചെയ്യുന്ന മുഹമ്മദ് 10ാം വയസ്സുമുതലാണ് അപൂര്‍വ ശേഖരം തുടങ്ങിയത്. വയസ്സ് 53 ആയെങ്കിലും ഇന്നും അപൂര്‍വ ശേഖരം തേടുന്നതില്‍ പിറകോട്ടില്ല. ഭാര്യയും മക്കളും പൂര്‍ണ പിന്തുണയും നല്‍കുന്നു.
Next Story

RELATED STORIES

Share it