kozhikode local

ലഹരിക്കെതിരേ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കണം: ഋഷിരാജ് സിങ്‌



കോഴിക്കോട്: രാജ്യത്ത് ലഹരി ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. നിലവിലെ സാഹചര്യത്തില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തിക്കൊണ്ടു വരണം. അതിനാവശ്യമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിമുക്തി മിഷനും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന  ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കുട്ടികളിലുണ്ടാകുന്ന ചെറിയമാറ്റം പോലും കൃത്യമായി നിരീക്ഷിക്കേണ്ടസാഹചര്യമാണ് ഇന്നുള്ളതെന്നും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡരി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സിനിമകളും പാട്ടുകളും കുട്ടികളെ കാണിക്കുന്നുണ്ട്. ആകാംക്ഷ, ചിന്താഭയം, കൂട്ടുകെട്ട്് എന്നിവയാണ് കുട്ടികളെ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,20000 കേസുകള്‍ വിവിധ വകുപ്പുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30000 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പാന്‍ മസാല ഉപയോഗം അഞ്ച് വര്‍ഷം മുമ്പ് കേരളത്തില്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ അതും കൂടിയിട്ടുണ്ട്. 600 പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്‌സൈസ് വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി നിര്‍മാര്‍ജ്ജനത്തിനായി 100 കോടി രൂപയുടെ വിവിധ പദ്ധതികള്‍ വിമുക്തി മിഷന്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലങ്ങളിലായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ വിമുക്തി കൈയെഴുത്ത് പുസ്തക രചനാ മല്‍സര വിജയികളായ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. കവി യു കെ രാഘവന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന്‍ വീര്‍വീട്ടില്‍  സംസാരിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാര്‍ രതുല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it