palakkad local

ലഹരിക്കടത്ത് വര്‍ധിച്ചതായി എക്‌സൈസ് വകുപ്പിന്റെ കണക്ക് ; 71 കിലോ കഞ്ചാവ് ഈ വര്‍ഷം പിടികൂടി



വാളയാര്‍: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുകയും വിദേശ മദ്യശാലകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തശേഷം ജില്ലയില്‍ മയക്കുമരുന്നു കടത്തും അനധികൃത മദ്യക്കടത്തും വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് റെയ്ഡിന്റെ കണക്ക് വ്യക്തമാക്കുന്നു. അബ്കാരി കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടാകുന്നു എന്നതും ഗൗരവമാണ്. ഈ വര്‍ഷം കഴിഞ്ഞ നാലുമാസത്തിനിടെ  വിവിധ ഭാഗങ്ങളില്‍ നിന്നായി 2222 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി.  2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയും 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയും ആദ്യ നാലുമാസം  എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളുടെ എണ്ണം നോക്കിയാല്‍ വ്യാജമദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം വര്‍ധിച്ചതായി കാണാം. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ എക്‌സൈസ് സംഘം നടത്തിയത് 3579 റെയ്ഡുകളാണ്. ഈ വര്‍ഷം അത് 3928 ആയി ഉയര്‍ന്നു. നിരോധിത പുകയില വിറ്റതിന് കഴിഞ്ഞ വര്‍ഷം  ആദ്യ നാലുമാസം 149 കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം 1512 കേസുകളായി ഉയര്‍ന്നു. ഈ കാലയളവില്‍ 1525 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് പിടികൂടിയത്. ഈ വര്‍ഷം അത് 2222 ലിറ്ററായാണ് ഉയര്‍ന്നത്.കഴിഞ്ഞവര്‍ഷം ഇല്ലാതിരുന്ന അന്യസംസ്ഥാന വിദേശമദ്യക്കടത്തും ഈ വര്‍ഷം 202 ലിറ്റര്‍ പിടികൂടി. കഴിഞ്ഞ വര്‍ഷത്തെ ആദ്യനാലുമാസം 433 പ്രതികളെയാണ് വിവിധ അബ്കാരി കേസുകളിലായി അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 673 ആയി. അതിര്‍ത്തിവഴിയുള്ള എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതോടെ  നൂതനമാര്‍ഗ്ഗങ്ങളിലൂടെയുള്ള കഞ്ചാവ് കടത്ത് വന്‍തോതില്‍ സംസ്ഥാനത്തേക്കെത്തുന്നതായും എക്‌സൈസ് അധികൃതര്‍ പറയുന്നു. 71 കിലോ കഞ്ചാവാണ് ഈ വര്‍ഷം പിടികൂടിയത്്. മദ്യം കടത്തിയതിന് 35 വാഹനങ്ങള്‍ ഈ വര്‍ഷം പിടികൂടിയപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 20 ആയിരുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതോടെ മറ്റ് പല കള്ളക്കടത്തും പിടികൂടാനായി എന്നതും എക്‌സൈസും വകുപ്പിന് അഭിമാനമാകുന്നു. ഈ വര്‍ഷം 5.3 കിലോ കള്ളക്കടത്ത് സ്വര്‍ണം പാലക്കാട് ജില്ലയില്‍ നിന്ന് പിടികൂടി. 1.16 കോടി രൂപയുടെ കുഴല്‍പ്പണവും പിടിച്ചെടുത്തു. നികുതി വെട്ടിച്ച് കടത്തിയ ചരക്ക് പിടികൂടി 4.13 ലക്ഷം രൂപ പിഴ ഈടാക്കി. ഇത്തരം കേസുകളൊന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍എക്‌സൈസിന് നേരിടേണ്ടിവന്നില്ല. കഴിഞ്ഞ വര്‍ഷം  എക്‌സൈസ് പിടികൂടിയത് 200 ഗ്രാം സ്വര്‍ണം മാത്രമാണ്. സദാസമയവും അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാണ്. സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ കര്‍ശന  പരിശോധനക്ക് വിധേയമാക്കുന്നു. എക്‌സൈസ് പരിശോധിച്ച വാഹനങ്ങള്‍ മാത്രമേ  വാണിജ്യനികുതി ചെക്‌പോസ്റ്റിലും എന്‍ട്രി നല്‍കൂ. ദേശീയ-സംസ്ഥാനപാതയോരത്തുനിന്ന് 500 മീറ്റര്‍ ദൂരപരിധിപാലിച്ച് മദ്യശാലകള്‍ മാറ്റണമെന്ന് സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പല വിദേശമദ്യ ഷാപ്പുകളും പൂട്ടി. പൂട്ടിയവയില്‍ പകുതി മാത്രമാണ് പുനഃസ്ഥാപിച്ചത്. ഇതിനാല്‍ മദ്യഷാപ്പുകളില്‍ വന്‍ തിരക്കും അനുഭവപ്പെടുന്നു. ഈ അവസരം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘവും സജീവമാണ്. മീനാക്ഷിപുരം, ഗോപാലപുരം എന്നിവിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെ ഊട് വഴിയുണ്ടാക്കി തമിഴ്‌നാട്ടില്‍ നിന്ന് മദ്യം കൊണ്ടുവരുന്ന പതിവും തുടങ്ങി. ഇതിന് സ്വകാര്യ വ്യക്തികള്‍ക്ക് നിശ്ചിത തുകയും നല്‍കുന്നു. അന്യസംസ്ഥാനത്തുനിന്ന്  വന്‍തോതില്‍ മദ്യം കേരളത്തിലേക്ക്  എത്തുന്നതായും  രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡുകളുണ്ടാക്കി റെയ്ഡ് ശക്തമാക്കിയത്. ഇതിന് പുറമെ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ്  ഊര്‍ജിതമാക്കിയിട്ടുണ്ട്. അവര്‍ പിടികൂടിയ കഞ്ചാവും ലഹരി വസ്തുക്കളും വിദേശമദ്യവും കൂട്ടിയാല്‍ കേസുകളുടെ എണ്ണം ഇതിലും കൂടുമെന്നാണ് പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it