wayanad local

ലഹരിക്കടത്ത് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കണക്ക് : ഏപ്രില്‍ 20 വരെ റിപോര്‍ട്ട് ചെയ്തത് 382 കേസുകള്‍



കല്‍പ്പറ്റ: അനധികൃത ലഹരി വില്‍പനയും മദ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ജില്ലയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. ബിവറേജസ് ഷോറൂമുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടിയതോടെയാണ് അനധികൃത മദ്യവില്‍പനയും ജില്ലയിലേക്കുള്ള ലഹരി വസ്തുക്കളുടെ ഒഴുക്കും വര്‍ധിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ കഴിഞ്ഞ ഒരുമാസക്കാലയളവില്‍ വലിയ തോതില്‍ ലഹരിവസ്തുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 977 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം എപ്രില്‍ 20 വരെ 301 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം 122 നര്‍കോട്ടിക് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ 20 വരെ മാത്രം ഇതിന്റെ പകുതിയിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്തു കഴിഞ്ഞു. 81 കേസുകളാണ് പിടികൂടിയത്. ഇതു കൂടാതെ ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് മൂലങ്കാവില്‍ നടത്തിയ വാഹന പരിശോധനയില്‍ രണ്ടു ലക്ഷത്തിന്റെ പാന്‍മസാല പിടികൂടിയിരുന്നു. മൈസൂരു കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് മൂന്നു പ്ലാസ്റ്റിക് ചാക്കുകളിലാക്കി കടത്തിയ പാന്‍മസാല പിടിച്ചത്. വിഷു-ഈസ്റ്റര്‍ സീസണില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ മാത്രം 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കാലയളവില്‍ 299 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 പേരെയാണ് ഈ സ്‌പെഷ്യല്‍ ഡ്രൈവില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 105 ലിറ്റര്‍ വിദേശമദ്യം, 53 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം, 12 ലിറ്റര്‍ തമിഴ്‌നാട് മദ്യം, 735 ഗ്രാം കഞ്ചാവ്, 13 കുപ്പി അരിഷ്ടം, 1,275 ലിറ്റര്‍ വാഷ്, 24 കിലോ പുകയില ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഈ കാലയളവില്‍ പിടികൂടിയത്. ആറു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ റെയ്ഡില്‍ 229 അബ്കാരി കേസുകള്‍ പിടികൂടി. 64 മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. 435 ലിറ്റര്‍ അനധികൃത വിദേശമദ്യം, 182 ലിറ്റര്‍ കര്‍ണാടകമദ്യം, ആറര കിലോ കഞ്ചാവ്, 128 കുപ്പി അരിഷ്ടം, 958 ലിറ്റര്‍ വാഷ്, മൂന്നു കിലോ പാന്‍മസാല എന്നിവയാണ് ഇക്കാലയളവില്‍ പിടികൂടിയത്. കര്‍ശന പരിശോധനകള്‍ മറികടന്നും അതിര്‍ത്തി ഗ്രാമങ്ങളിലൂടെ വ്യാജമദ്യവും മറ്റ് ലഹരി വസ്തുക്കളും ജില്ലയിലേക്ക് നിര്‍ബാധം എത്തുന്നുണ്ട്. കബനിയോട് ചേര്‍ന്ന ബാവലിയിലും സുല്‍ത്താന്‍ ബത്തേരി താളൂരിനടുത്ത് എരുമാടിലുമെല്ലാം രാവിലെ മുതല്‍ മദ്യപരുടെ ഒഴുക്കാണ്. മദ്യത്തിന്റെ സാധ്യതകള്‍ കുറഞ്ഞതോടെ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളില്‍ ഇത്തരക്കാര്‍ അടിപ്പെടുന്നുവെന്ന് ആക്ഷേപമുണ്ട്. ഗുണനിലവാരമുള്ള മദ്യം ലഭിച്ചിരുന്ന സ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നുകളും പിടിമുറുക്കുകയാണ്. സാമ്പത്തിക നഷ്ടം പോലും നോക്കാതെയാണ് വലിയൊരു വിഭാഗം അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും പോയി ലഹരി കണ്ടെത്തുന്നത്. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതോടെ ഉള്ള ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം മൊത്തമായി വാങ്ങി ഇരട്ടി വിലയ്ക്ക് വില്‍പന നടത്തുന്ന സംഘങ്ങളും സജീവമാണ്.
Next Story

RELATED STORIES

Share it