kannur local

ലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കിണര്‍ മൂടാനുള്ള നീക്കം മരവിപ്പിച്ചു

തതലശ്ശേരി: പഴയ ബസ് സ്റ്റാന്റിലെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രത്തിന് സമീപത്തെ വറ്റാത്ത ശുദ്ധജല കിണര്‍ നഗരവികസന ഭാഗമായി മൂടാനുള്ള നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. 1871നു മുമ്പ് കുഴിച്ച കിണറാണിതെന്നാണു നിഗമനം.
അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ മഴക്കൊയ്ത്ത് പദ്ധതിയുടെ ഭാഗമായി കിണറുകള്‍, കുളങ്ങള്‍ എന്നിവ പരമാവധി സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നിലവിലിരിക്കെയാണ് നഗരഹൃദയഭാഗത്തുള്ള ഒരിക്കലും വറ്റാത്ത കിണര്‍ വികസനത്തിന്റെ പേരില്‍ മൂടാന്‍ ശ്രമിച്ചത്. പഴയ ബസ് സ്റ്റാന്റിലെ എല്ലാ ചെറുകിട ഹോട്ടലുകളിലും ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കും ആവശ്യമായ ശുദ്ധജലം ശേഖരിക്കുന്നത് ഈ കിണറില്‍ നിന്നാണ്.
തലശ്ശേരിയിലെ സബ് കലക്ടറായിരുന്ന ചൂര്യായി കണാരന്‍ കായ്യത്ത് റോഡിനു സമീപം കുഴിച്ചിരുന്ന കുളം നേരത്തേ മണ്ണിട്ട് നികത്തിയിരുന്നു. തലശ്ശേരി പിയര്‍ റോഡില്‍ കടലില്‍ നിന്നു ഏതാണ്ട് 30 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് ഇപ്പോഴും നിലനില്‍ക്കുന്ന കിണറിലെ ശുദ്ധജലമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ ബസ് സ്റ്റാന്റിലെ കിണര്‍ നില്‍ക്കുന്ന സ്ഥലത്ത് കിണറിനൊപ്പം വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനലില്‍ നഗരത്തിലെത്തുന്നവര്‍ക്ക് ലഘു പാനീയങ്ങള്‍ സൗജന്യമായി നല്‍കാനുള്ള ഒരു പദ്ധതി കിവീസ് ക്ലബ് തയ്യാറാക്കി നഗരസഭയ്ക്കു സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കിണര്‍ മൂടിയ ശേഷം സ്ഥലത്ത് ട്രാഫിക് അയലന്റ് സ്ഥാപിക്കാനാണു ആലോചിച്ചിരുന്നത്. കിണറിന്റെ നിന്നു 10 മീറ്ററില്‍ താഴെ മാറിയാണ് നേരത്തേ ട്രാഫിക് അയലന്റ് ഉണ്ടായിരുന്നത്. പിന്നീട് ഇത് പൊളിച്ചുനീക്കി അവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. വല്ലപ്പോഴുമാണ് ലൈറ്റ് പ്രകാശിക്കുന്നത്.
Next Story

RELATED STORIES

Share it