wayanad local

ലഭ്യത കുറഞ്ഞു; മത്തി കടല്‍ കടന്നെത്തുന്നു

മാനന്തവാടി: മലയാളികളുടെ ഇഷ്ടമല്‍സ്യമായ മത്തി ഇനി ഒമാനില്‍ നിന്നെത്തും. രാജ്യത്ത് ലഭ്യത കുറഞ്ഞതോടെയാണ് ഒമാനില്‍ നിന്നുള്ള മത്തി മാര്‍ക്കറ്റ് കൈയടക്കുന്നത്. ജില്ലയിലുടനീളം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനില്‍ നിന്നുള്ള മത്തിയാണ് വില്‍പന നടത്തുന്നത്. വണ്ണവും തൂക്കവും മുള്ളും കൂടുതലായുള്ള ഒമാന്‍ മത്തി ഒരു കിലോ തൂങ്ങാന്‍ എട്ടോ ഒമ്പതോ എണ്ണം മതി.
120 മുതല്‍ 140 വരെയാണ് വില. നേരത്തെ അമൂര്‍, കീര, ഏരി തുടങ്ങിയ വിലകൂടിയതും വലിപ്പമുള്ളതുമായ മല്‍സ്യങ്ങള്‍ ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. തലശ്ശേരി, വടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മത്തി ജില്ലയിലേക്ക് എത്തിയിരുന്നത്.
രുചി കൂടുതലും ഈ മത്തിക്കായിരുന്നു. ഇതിന്റെ ലഭ്യത കുറഞ്ഞതോടെ ഗുജറാത്ത്, മംഗലാപുരം മത്തിയും ജില്ലയിലെ മാര്‍ക്കറ്റുകളിലെത്തി. ഇതും ലഭിക്കാതെ വന്നതോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സുലഭമായ ഒമാന്‍ മത്തി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.
കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന മത്തിയാണ് ജില്ലയിലെത്തുന്നത്.
10 കിലോഗ്രാം വീതമുള്ള പെട്ടികളിലായാണ് ഫ്രീസര്‍ ചെയ്തു സൂക്ഷിക്കാന്‍ പാകത്തിലുള്ള മത്തിയുടെ ഇറക്കുമതി. ഒരു വര്‍ഷമാണ് ഫ്രീസറില്‍ സൂക്ഷിക്കുന്ന മത്തിയുടെ കാലാവധിയായി പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പെട്ടി പൊട്ടിച്ച് ആ ദിവസം തന്നെ വില്‍പന നടത്തിയില്ലെങ്കില്‍ കേടുവരുമെന്നാണ് കച്ചവടക്കാരെ കുഴക്കുന്നത്.
Next Story

RELATED STORIES

Share it