Kollam Local

ലഭ്യതക്കുറവും വിലക്കയറ്റവും കശുവണ്ടി വ്യവസായത്തെ ദോഷകരമാക്കുന്നതായി കേന്ദ്രമന്ത്രി

കൊല്ലം:തോട്ടണ്ടിയുടെ ലഭ്യതക്കുറവും അന്താരാഷ്ട്ര വിപണിയില്‍ തോട്ടണ്ടിക്കുണ്ടായ വിലക്കയറ്റവും കശുവണ്ടി വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നു വെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യവും വ്യവസായവും വകുപ്പ് മന്ത്രി സിആര്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍ എം.പി യെ ലോക്‌സഭയില്‍ അറിയിച്ചു.
കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനും കശുവണ്ടി വ്യവസായ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി തോട്ടണ്ടി ഇറക്കുമതിക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 5% ത്തില്‍ നിന്നും 2.5 % ആയി കുറച്ചതായും കശുവണ്ടിയുടെ ജിഎസ്ടി 12% ത്തില്‍ നിന്ന് 5% ആയി കുറച്ചതായും കശുവണ്ടി പരിപ്പിന്റെ കയറ്റുമതി ഇറക്കുമതിക്കുള്ള സിയോണ്‍ നിബന്ധനകള്‍ കശുവണ്ടി വ്യവസായത്തിന് അനുകൂലമായവിധം പരിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.
2017-2018 കാലഘട്ടത്തിലേക്കായി സിഇപിസിഐ സമര്‍പ്പിച്ച ഇടക്കാല ആശ്വാസമായി 60 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായും തോട്ടണ്ടി ലഭ്യത ഉറപ്പുവരുത്താന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഉല്‍പാദനക്ഷമത കുറഞ്ഞ കശുമാവുകള്‍ക്ക് പകരം ഉല്‍പാദനക്ഷമത കൂടിയ കശുമാവുകള്‍ നട്ടുപിടിപ്പിക്കാനും നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനിലൂടെയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ കോര്‍പ്പറേഷനിലൂടെയും കൂടുതല്‍ സ്ഥലങ്ങളില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചതായും ഇതിന്റെ ഫലമായി തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം 16% വര്‍ദ്ധിച്ചതായും മന്ത്രി, എന്‍കെ പ്രേമചന്ദ്രന്‍ എം.പി യുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി. കശുവണ്ടി വ്യവസായികള്‍ക്കെതിരേവായ്പയെടുത്ത തുക ഈടാക്കുവാന്‍ ബാങ്കുകള്‍ സര്‍ഫസി നിയമപ്രകാരം സ്വീകരിക്കുന്ന നടപടികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് നിലവിലുള്ള നിയമവ്യവസ്ഥ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാനുള്ള അനുവാദം നല്‍കുന്നില്ലായെന്നും എന്നാല്‍ കൃഷിഭൂമിയെ സംബന്ധിച്ച് നിയമവ്യവസ്ഥ ബാധകമാകുകയില്ല എന്നും മന്ത്രി വെളിപ്പെടുത്തി. ബാങ്കുകളുടെ നടപടികളില്‍ നിയമപരമായ വ്യവസ്ഥ പാലിക്കുന്നതില്‍ വീഴ്ച വരുകയോ നടപടി സംബന്ധിച്ച് മറ്റെന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ ഡെബ്റ്റ് റിക്കവറി ട്രൈബൂണലിനെയും അതിനു മുകളില്‍ ഡെബ്റ്റ് റിക്കവറി അപ്പലേറ്റ് ട്രൈബൂണലിനെയും സമീപിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി, എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ രേഖാമൂലം അറിയിച്ചു.
Next Story

RELATED STORIES

Share it