World

ലബ്‌നാന്‍ തിരഞ്ഞെടുപ്പ്: നേട്ടംകൊയ്ത് ഹിസ്ബുല്ലാ സഖ്യം

ബെയ്‌റൂത്ത്: ലബ്‌നാനില്‍ ഒമ്പതു വര്‍ഷത്തിനു ശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും സഖ്യകക്ഷികളും കൂടുതല്‍ സീറ്റുകള്‍ നേടിയതായി അനൗദ്യോഗിക റിപോര്‍ട്ട്. സൗദി അറേബ്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുള്ള സഅദ് അല്‍ ഹരീരിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് പ്രാഥമിക ഫലത്തില്‍ നിന്നു വ്യക്തമാവുന്നതെന്നും ലബ്‌നീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഹരീരിയുടെ ഫ്യൂച്ചര്‍ മൂവ്‌മെന്റ് പാര്‍ട്ടിക്ക് ബെയ്‌റൂത്തില്‍ അഞ്ചു സീറ്റുകള്‍ നഷ്ടപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരുകാലത്ത്  ബെയ്‌റൂത്ത്  പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. സാമ്പത്തികമാന്ദ്യം അടക്കമുള്ള പ്രശ്‌നങ്ങള്‍ സുന്നി വോട്ടര്‍മാരെ ഹരീരിയില്‍ നിന്നകറ്റിയെന്നാണ് വിലയിരുത്തല്‍. അയല്‍രാജ്യമായ സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കാരണം 10 ലക്ഷത്തോളം അഭയാര്‍ഥികള്‍ രാജ്യത്തെത്തിയ പ്രശ്‌നങ്ങളും ഹരീരിക്ക് തിരിച്ചടിയായി.  പാര്‍ട്ടിക്ക് മുന്നിലൊന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടതായി ഹരീരി അറിയിച്ചു.  22 സീറ്റാണ് പാര്‍ട്ടി നേടിയതെന്നാണ് വിവരം.
പക്ഷേ, നിലവില്‍ ഹരീരിയുടെ സഖ്യമാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷി. അതിനാല്‍, ഹരീരി തന്നെയാവും അടുത്ത തവണയും പ്രധാനമന്ത്രിയാവുക.
എന്നാല്‍, ഹരീരിയുടെ പാര്‍ട്ടിയും ഹിസ്ബുല്ലയും സഖ്യകക്ഷികളും ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യതയെന്നും വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാര്‍ലമെന്റില്‍ 128 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ ഹിസ്ബുല്ല നേടിയെന്നാണ് റിപോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് പാര്‍ലമെന്റില്‍ പ്രബല ശക്തിയായി മാറാന്‍ സാധിക്കും.
Next Story

RELATED STORIES

Share it