ലബ്‌നാനില്‍ സിറിയന്‍ കുഞ്ഞുങ്ങള്‍ ബാലവേലയ്ക്കു നിര്‍ബന്ധിതരാവുന്നു

ബെയ്‌റൂത്ത്: സിറിയയിലെ യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ട് ലബ്‌നാനില്‍ അഭയം പ്രാപിച്ച സിറിയന്‍ അഭയാര്‍ഥി കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
പലപ്പോഴും തുച്ഛമായ പ്രതിഫലത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്. ചിലര്‍ പ്രതിഫലമില്ലാതെ മേഖലയില്‍ തമ്പ് കെട്ടി താമസിക്കാനുള്ള അനുമതിക്കു വേണ്ടി പോലും ജോലി ചെയ്യുന്നുണ്ട്. അടിമത്വ വിരുദ്ധ സംഘടനയായ ഫ്രീഡം ഫ്രണ്ട് ആണ് വിവരം പുറത്തുവിട്ടത്.
പത്തുലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളാണ് ലബ്‌നാനിലുള്ളത്. ഇതില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തതിനാല്‍ ഭക്ഷണവും കിടപ്പാടവും കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരുകയാണ്. ലബനീസ് കുടുംബങ്ങളാണ് കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. പേടിപ്പിച്ച് അനുസരിപ്പിക്കാമെന്നതും തുച്ഛമായ പ്രതിഫലം നല്‍കിയാല്‍ മതിയെന്നതും കുട്ടികളെ ജോലിക്കുപയോഗിക്കാന്‍ കാരണമാവുന്നു. ബലം പ്രയോഗിച്ചും കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ട്.
പലപ്പോഴും ഇവര്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരകളാവാറുണ്ട്. അഭയാര്‍ഥികളുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖത്തിലൂടെയാണ് വിവരം സമ്പാദിച്ചത്. ലബ്‌നാനിലെ അഭയാര്‍ഥികുട്ടികളില്‍ 60 മുതല്‍ 70 ശതമാനം വരെ ജോലി ചെയ്യുന്നതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it