ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ ഉപ മുഖ്യമന്ത്രിയും നിരാഹാരം തുടങ്ങി

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിയിനു പുറമേ ഉപമുഖ്യമന്ത്രി മനീഷ് സിസേദിയയും ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചു.
റേഷന്‍ സാധനങ്ങളുടെ വീട്ടുവാതില്‍ വിതരണത്തിന് അനുമതി നല്‍കുക, നാലുമാസമായി ജോലി ചെയ്യാത്ത ഐഎഎസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും സമരം ഒരു ദിവസം മുമ്പ് ആരംഭിച്ചത്.
ഡല്‍ഹി സര്‍ക്കാരിനു നേരെയുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതെയാക്കുന്നതു വരെ സമരം തുടരുമെന്നു കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹി സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കൂട്ടാക്കാത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറു മുതലാണ് അരവിന്ദ് കെജ്‌രിവാളും സഹപ്രവര്‍ത്തകരും കുത്തിയിരുപ്പ് തുടങ്ങിയത്.
ഡല്‍ഹി നിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഇന്നു മുതല്‍ നിരാഹാര സമരം തുടങ്ങുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസേദിയ അറിയിച്ചു.
അതേസമയം, ജോലിയൊന്നും ചെയ്യാതെ ഡല്‍ഹി സര്‍ക്കാര്‍ വൃത്തികെട്ട നാടകം കളിക്കുകയാണെന്നു ബിജെപി ഡല്‍ഹി ഘടകം ആരോപിച്ചു.
മോദിയും ലഫ്റ്റനന്റ് ഗവര്‍ണറും തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനു പിന്നില്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്നും എഎപി നേതാവ് സഞ്ജയ് സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it