Flash News

ലണ്ടന്‍ : തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് മേയ്‌



ലണ്ടന്‍: ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടന്‍ മറ്റൊരു ആക്രമണത്തിനിരയായെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂണ്‍ എട്ടിനുതന്നെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന്് പ്രധാനമന്ത്രി തെരേസ മേയുടെ സ്ഥിരീകരണം. ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്താന്‍ ഹിംസയെ ഒരിക്കലും അനുവദിക്കാനാവില്ലെന്നും ഡൗണിങ് സ്ട്രീറ്റിനു പുറത്ത് മാധ്യമങ്ങളോട് അവര്‍ വ്യക്തമാക്കി. രാഷ്്്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച പുനരാരംഭിക്കും. ആക്രമണത്തിനു പിന്നാലെ യുകെഐപി ഒഴികെയുള്ള പാര്‍ട്ടികള്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. പ്രചാരണം നിര്‍ത്തിവയ്ക്കണമെന്നാണ് അക്രമികള്‍ ആഗ്രഹിക്കുന്നതെന്ന് യുകെഐപി നേതാവ് പോള്‍ നൂട്ടാല്‍ പറഞ്ഞു.  അതേസമയം, ഇന്റര്‍നെറ്റിന് നിയന്ത്രണം കൊണ്ടുവരാന്‍ പുതിയ അന്താരാഷ്ട്ര ഉടമ്പടികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് മേയ് വ്യക്തമാക്കി. സൈബര്‍ ലോകത്ത് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഓണ്‍ലൈനിലെ സുരക്ഷിത സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുന്ന 'തീവ്രവാദികളെ' തുരത്താനാവുമെന്നും മേയ് പറഞ്ഞു.സൈബര്‍ ലോകത്തെ നിയന്ത്രിക്കാനും തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളെ തടയാനും നമ്മുടെ സുഹൃത്തുക്കളായ ജനാധിപത്യ സര്‍ക്കാരുകളുമായി ചേര്‍ന്ന് അന്താരാഷ്ട്ര ഉടമ്പടിയില്‍ എത്തിച്ചേരേണ്ടതുണ്ടെന്നും മേയ് അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി കോബ്ര ഗ്രൂപ്പിന്റെ യോഗം വിളിച്ചു. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it