Flash News

ലണ്ടന്‍ ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്‌നിബാധ : 12 മരണം



ലണ്ടന്‍: പശ്ചിമ ലണ്ടനിലെ 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്നിബാധയില്‍ 12 മരണം. പൊള്ളലേറ്റ 50ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഏതാണ്ട് പൂര്‍ണമായും അഗ്‌നി വിഴുങ്ങിയ കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കുമെന്ന് ആശങ്കയുണ്ട്. 40ഓളം അഗ്‌നിശമന സേനാ യൂനിറ്റുകളും 200 അഗ്‌നിശമനസേനാനികളും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. എന്നാല്‍ വളരെ വേഗത്തില്‍ തീ പടര്‍ന്നുപിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാവുന്നുണ്ട്. ബ്രിട്ടനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണിത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.16 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ തീപ്പിടിച്ച നിലയിലാണ്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ടവറിന്റെ രണ്ടാംനിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 140 ഫഌറ്റുകള്‍ അടങ്ങിയ അംബരചുംബിയായ കെട്ടിടമാണ് ലാറ്റിമര്‍ റോഡിലെ 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍. 1974ല്‍ നിര്‍മിച്ച ഈ കെട്ടിടസമുച്ചയം നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ബഹുനില മന്ദിരങ്ങളില്‍ ഒന്നാണ്. സംഭവത്തെക്കുറിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലിസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. അപകടകാരണം വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് ഫഌറ്റുകളില്‍ നിന്ന് അതിവേഗം ആളുകളെ ഒഴിപ്പിച്ചു. എങ്കിലും ഇപ്പോഴും ചിലരെങ്കിലും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് അഗ്‌നിശമനസേന. അമിതമായ പുക ശ്വസിച്ചാണ് രണ്ടുപേര്‍ക്കു പരിക്കേറ്റത്. പുലര്‍ച്ചെ നാലുമണിയോടെയാണു തീ മുകള്‍നിലകളിലേക്കും പടര്‍ന്നത്. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ എങ്ങും പുകമറയാണ്. ഇതുവഴി കടന്നുപോവുന്ന അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസുകളായ ഹാമര്‍സ്മിത്ത്, സര്‍ക്കിള്‍ ലൈനുകളുടെ സര്‍വീസ് നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it