Flash News

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം : കണ്ടെത്താനുള്ള 58 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നു പോലിസ്‌



ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തില്‍ കാണാതായ 58 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നു പോലിസ്. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയതായി കഴിഞ്ഞദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍ 65 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടാവാമെന്ന് കഴിഞ്ഞ ദിവസം അനൗദ്യോഗിക കണക്കുകളും പുറത്തുവന്നു. അതെസമയം, അപകടത്തില്‍പ്പെട്ടവരില്‍ ഇനി കണ്ടെത്താനുള്ളവരാരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അപകടത്തില്‍പ്പെട്ട കെട്ടിടത്തിനു സമീപം ഇന്നലെയും അഗ്നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ തുടര്‍ന്നു. അതെസമയം, അപകടകാരണങ്ങള്‍ പുറത്തുകൊണ്ടുവരാത്തതിലും രക്ഷാപ്രവര്‍ത്തനത്തിലെ അപാകതകളിലും നഗരത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുന്നുണ്ട്. അപകടം സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. താമസസൗകര്യങ്ങളില്‍ അപര്യാപ്തത നേരിടുന്ന നഗരത്തില്‍ അപകടം പ്രതിസന്ധി രൂക്ഷമാക്കിയതായി പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. 1000ഓളം പേര്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കാളികളായി. അപകടം സംബന്ധിച്ചു വിശദമായ പ്രസ്താവന പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തെരേസ മെയ് വിസമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മെയില്‍ പൂര്‍ത്തിയായ ടവര്‍ നവീകരണത്തില്‍ ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സമാനമായ രീതിയില്‍ നവീകരിച്ച കെട്ടിടങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ സുരക്ഷാവിദഗ്ധര്‍ ശുപാര്‍ശ ചെയ്തു. ബുധനാഴ്ചയായിരുന്നു ലണ്ടനിലെ 24 നില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. 100കണക്കിന് പേരുടെ വാസസ്ഥലമാണ് അപകടത്തില്‍ നശിച്ചത്. എലിസബത്ത് രാജ്ഞിയും പ്രധാമന്ത്രി തെരേസ മെയും കഴിഞ്ഞ ദിവസം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ സമ്പൂര്‍ണ അന്വേഷണം നടത്തുമെന്ന് മെയ് വാഗ്ദാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it