World

ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറായി സാദിഖ് ഖാന്‍

ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറായി സാദിഖ് ഖാന്‍
X
sadik-khan


ലണ്ടന്‍: ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവും പാക് വംശജനുമായ സാദിഖ് ഖാന് വിജയം. ഇതോടെ ഒരു പാശ്ചാത്യ തലസ്ഥാന നഗരത്തിലെ ആദ്യ മുസ്‌ലിം മേയറായി 45കാരനായ ഖാന്‍ മാറി. എതിരാളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സാക് ഗോള്‍ഡ്‌സ്മിത്തിനെതിരെ 44 ശതമാനം പ്രഥമ പരിഗണനാ വോട്ടുകള്‍ ഖാന്‍ നേടി. 35 ശതമാനം പ്രഥമ വോട്ടുകള്‍ മാത്രമാണ് സാക് ഗോള്‍ഡ്‌സ്മിത്തിനു ലഭിച്ചത്. ഗോള്‍ഡ്‌സ്മിത്തിന്റെ പ്രചാരണം വിദ്വേഷപരമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഖാന്റെ മുസ്‌ലിം പശ്ചാത്തലത്തിന്റെ പേരില്‍ വംശീയപരമായി ആക്രമിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇസ്‌ലാം ഭീതിയും വംശീയതയും അടിസ്ഥാനമാക്കിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും പ്രചാരണം നടത്തുന്നതെന്നാണ് ഈ പരാമര്‍ശങ്ങള്‍ സംബന്ധിച്ചു ലേബര്‍ പാര്‍ട്ടി പ്രതികരിച്ചത്. ഞാന്‍ ഒരു ലണ്ടന്‍കാരനാണ്, ബ്രിട്ടിഷുകാരനാണ്, ഇസ്‌ലാമില്‍ വിശ്വസിക്കുന്നയാളാണ്, മുസ്‌ലിമായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്, ഏഷ്യന്‍ വംശജനാണ്, പാകിസ്താനി പാരമ്പര്യമുള്ളയാളാണ്- മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ഖാന്‍ പറഞ്ഞു. ഈ നഗരത്തെ സംബന്ധിച്ച മഹത്തായ കാര്യം ഏതു വിശ്വാസം വച്ചോ വിശ്വാസിയല്ലാതെയോ ലണ്ടന്‍ നഗരവാസിയാവാമെന്നതാണ്. നമ്മള്‍ മറ്റുള്ളവരെ സഹിക്കുകയല്ല, ബഹുമാനിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ ഓരോരുത്തരെയും പരസ്പരം ആഘോഷിക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. 1960ല്‍ പാകിസ്താനില്‍ നിന്നു ലണ്ടനിലേക്കു കുടിയേറിയതാണ് ഖാനിന്റെ കുടുംബം. പിതാവ് ലണ്ടനില്‍ ബസ് ഡ്രൈവറായി ജോലിനോക്കിയിരുന്നു. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഖാന്‍ മനുഷ്യാവകാശ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2005ല്‍ ലണ്ടനിലെ ടൂടിങ് നിയോജക മണ്ഡലത്തില്‍ നിന്ന് ലേബര്‍ പാര്‍ട്ടി എംപിയായി വിജയിച്ചു. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ മന്ത്രിസഭയില്‍ സമുദായകാര്യം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
Next Story

RELATED STORIES

Share it