Cricket

ലങ്ക വീണ്ടും നാണം കെട്ടു; പരമ്പര തൂത്തുവാരി ഇന്ത്യ

ലങ്ക വീണ്ടും നാണം കെട്ടു; പരമ്പര തൂത്തുവാരി ഇന്ത്യ
X


മുംബൈ: അവസാന മല്‍സരത്തിലും ലങ്കയ്ക്ക് വിജയം പിടിക്കാനായില്ല. ആവേശം അവസാന ഓവര്‍ വരെ എത്തിയ മല്‍സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 135 റണ്‍സിനെ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി ഇന്ത്യ മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മല്‍സരം പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി.
136 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യയെ ലങ്കന്‍ ബൗളര്‍മാര്‍ നന്നായി വിറപ്പിച്ചു. ആദ്യ രണ്ട് മല്‍സരത്തിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ചമീരയുടെ പന്തില്‍ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും (27) ശ്രേയസ് അയ്യരും (30) ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ബോര്‍ഡ് 39 ല്‍ നില്‍ക്കെ രോഹിതിനെ ഇന്ത്യക്ക് നഷ്ടമായി. ശ്രേയസിനൊപ്പം ക്രീസിലെത്തിയ മനീഷ് പാണ്ഡെയും (32) മികച്ച രീതിയില്‍ ബാറ്റുവീശിയതോടെ ഇന്ത്യ അനായാസ വിജയം സ്വപ്‌നം കണ്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രേയസ് റണ്ണൗട്ടായി മടങ്ങി. തൊട്ടുപിന്നാലെ വെടിക്കെട്ട് വീരന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും (4) വിക്കറ്റ് തുലച്ചതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. എന്നാല്‍ ദിനേഷ് കാര്‍ത്തികും (18*) എംഎസ് ധോണിയും (16*) നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.ലങ്കന്‍ നിരയില്‍ ചമീരയും ഷണകയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ കാലിടറി. കന്നി മല്‍സരം കളിച്ച വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ഓവര്‍ സമ്മാനിച്ച് രോഹിത് ശര്‍മ ലങ്കന്‍ ഓപണര്‍മാരെ പരീക്ഷിച്ചു. ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് എട്ട് റണ്‍സില്‍ എത്തിയപ്പോഴേക്കും ഡിക്ക്‌വെല്ല (1) കൂടാരം കയറി. ജയദേദ് ഉനദ്ഗട്ടിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം മുഹമ്മദ് സിറാജിന്റെ കൈകളില്‍ അവസാനിച്ചു. രണ്ടാം മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കളം വാണ കുശാല്‍ പെരേര (4)വാഷിങ്ടണ്‍ സുന്ദറിന്റെ സ്പിന്‍കെണിയില്‍ വീണു. തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ കുശാലിനെ മടക്കിയ വാഷിങ്ടണ്‍ തന്റെ കരിയറിലെ ആദ്യ ട്വന്റി20 വിക്കറ്റും സ്വന്തമാക്കി.
ആദ്യ രണ്ട് വിക്കറ്റ് നഷ്ടത്തിന്റെ ആഘാതം മാറും മുമ്പേ വെടിക്കെട്ട് ഓപണര്‍ ഉപുല്‍ തരംഗയേയും(11) ഇന്ത്യ കൂടാരം കയറ്റി. ഉനദ്ഗട്ടിനെ സിക്‌സറിന് ശ്രമിച്ച തരംഗയെ ഹര്‍ദിക് പാണ്ഡ്യ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ സമരവിക്രമയും (21) ഗുണരത്‌നയും (36) ചേര്‍ന്ന്  നേരിയ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഗുണതിലകയെ (3) കുല്‍ദീപ് യാദവും മടക്കിയതോടെ ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് 11.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 72 എന്ന മോശം നിലയിലായിരുന്നു. ക്യാപ്റ്റന്‍ തിസാര പെരേര (11) രണ്ട് ബൗണ്ടറികള്‍ പറത്തിയ ലങ്കയ്ക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും മുഹമ്മദ് സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാലറ്റത്ത് അപ്രതീക്ഷിത ചെറുത്ത് നില്‍പ്പ് നടത്തിയ ഷണകയും (29*) അഖില ധനഞ്ജയയുമാണ് (11*) ലങ്കന്‍ സ്‌കോര്‍ബോര്‍ഡിനെ 135 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഇന്ത്യക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യയും ജയദേവ് ഉനദ്ഗട്ടും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി. മുഹമ്മദ് സിറാജ് നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ നാലോവറില്‍ 22 റണ്‍സ് മാത്രമാണ് വാഷിങ്ടണ്‍ സുന്ദര്‍ വഴങ്ങിയത്.
Next Story

RELATED STORIES

Share it