ലങ്കന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസ് ; 11 പോലിസുകാരുടെ ജീവപര്യന്തത്തിന് സ്റ്റേ

മുംബൈ: 2006ലെ ലങ്കന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 11 പോലിസുകാ—രുടെ ജീവപര്യന്തം  തടവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റേ ചെയ്തു. മുംബൈ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് സര്‍ക്കാര്‍ ആറുമാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. താനെ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഇവരെ ഉടനെ മോചിപ്പിക്കും. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് പോലിസുകാര്‍ സര്‍ക്കാരിനോട് അഭ്യാര്‍ഥിച്ചിരുന്നു. അധോലോക നായകന്‍ ഛോട്ടാ രാജന്റെ അടുത്ത അനുയായിയാണ് ലങ്കന്‍ ഭയ്യ എന്നു വിളിക്കപ്പെടുന്ന രാം നാരായണ്‍ വിശ്വനാഥ് ഗുപ്ത. പ്രതികള്‍ കേസുമായി ബന്ധപ്പെട്ട ആരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ലങ്കന്‍ ഭയ്യയുടെ കുടുംബാംഗങ്ങളെ കാണുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 2006 നവംബര്‍ 11നാണ് ലങ്കന്‍ ഭയ്യ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ മുംബൈ പോലിസാണെന്ന് ആരോപിച്ച് ലങ്കന്‍ ഭയ്യയുടെ സഹോദരന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികള്‍ പാസ്‌പോര്‍ട്ടും സ്വകാര്യ ആയുധങ്ങളും പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിക്കാതെ സ്‌റ്റേ ഉത്തരവ് റദ്ദാക്കാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ഉപാധികള്‍ ലംഘിച്ചാലും ഉത്തരവ് റദ്ദാക്കാന്‍ അധികാരമുണ്ട്. കേസില്‍ പ്രതികളെ ശിക്ഷിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി ശരിവച്ചിരുന്നു.
Next Story

RELATED STORIES

Share it