ലഖ്‌നോ ഏറ്റുമുട്ടല്‍ കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പോലിസ് വാദം കള്ളമെന്ന്

ന്യൂഡല്‍ഹി: ലഖ്‌നോയില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ആപ്പിള്‍ സെയില്‍സ് മാനേജര്‍ വിവേക് തിവാരിയുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട വിവേകിന്റെ ഭാര്യ കല്‍പനയ്ക്കാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
നേരത്തേ കല്‍പനയ്ക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചതിനു പുറമേ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനായി അഞ്ചു ലക്ഷം രൂപയും വിവേകിന്റെ മാതാവിന് അഞ്ചു ലക്ഷം രൂപയും നല്‍കും. ഇതു കൂടാതെ സര്‍ക്കാര്‍ വക വീടും നല്‍കും. കല്‍പനയ്ക്ക് ജോലി നല്‍കാമെന്ന് നേരത്തേ ഉറപ്പു ലഭിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതായും യോഗി സര്‍ക്കാരില്‍ തനിക്കുള്ള വിശ്വാസം ശക്തമായതായും മാധ്യമങ്ങളോട് കല്‍പന പറഞ്ഞു. കല്‍പനയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ തിവാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് തിവാരിയെ പോലിസ് സംശയത്തിന്റെ പേരില്‍ വെടിവച്ചു കൊന്നത്. വെടിവച്ച പോലിസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയെയും കൂടെയുള്ള സന്ദീപ് കുമാറിനെയും മണിക്കൂറുകള്‍ക്കകം ഉടന്‍ അറസ്റ്റ് ചെയ്യുകയും സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി കാര്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തി. തങ്ങളെ കണ്ടപ്പോള്‍ പെട്ടെന്ന് ഓടിച്ചുപോയെന്നും പിന്തുടര്‍ന്ന തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് വാദം. എന്നാല്‍, പോലിസിന്റെ വാദം കള്ളമാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാധാരണ വേഗത്തിലാണ് വിവേക് കാറോടിക്കുന്നത്. പോലിസ് ബൈക്ക് പിന്നാലെ വരുന്നത് കുറേ കഴിഞ്ഞാണ്. 12.18നാണ് വിവേകിന്റെ കാര്‍ ഗോമതി നഗറിലൂടെ പോകുന്നത്. പോലിസ് ബൈക്ക് പോകുന്നത് 50 മിനിറ്റ് കഴിഞ്ഞാണ്. ഇതു കഴിഞ്ഞാണ് വെടിവയ്പ് ഉണ്ടാകുന്നത്. 1.30നാണ് വിവേക് വെടിയേറ്റു മരിച്ചതെന്നാണ് എഫ്‌ഐആര്‍ പറയുന്നത്.

Next Story

RELATED STORIES

Share it