Idukki local

ലക്ഷ്യം തൊടുപുഴയുടെ സമഗ്ര വികസനം

തൊടുപുഴ: തൊടുപുഴ നഗരത്തിന്റെ സമഗ്ര വികസനത്തിനു കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നഗരസഭയുടെ 2018-19 സാമ്പത്തിക ബജറ്റ്. വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 5,76,89,157 രൂപ അടക്കം 1,06,95,53,499 രൂപ ആകെ വരവും 90,33,04,342 രൂപ ആകെ ചെലവും 16,62,49,157 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അവതരിപ്പിച്ചത്.
നഗരസഭയുടെ സമഗ്ര വികസനവും സാമൂഹിക നീതിയും ലക്ഷ്യമിട്ട് എല്ലാവര്‍ക്കും ഭവനമെന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈക്ക് 28 കോടി രൂപ വകയിരുത്തിയെന്നത് ശ്രദ്ധേയമാണ്. നഗരസഭയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കി മങ്ങാട്ടുകവല ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിന് 12 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കൂടാതെ ഗാന്ധി സ്‌ക്വയറില്‍ ആധുനിക ഷോപ്പിംഗ് മാളിനായി 10 കോടി രൂപ വകയിരുത്തിയതും പ്രധാന പദ്ധതികളിലൊന്നാണ്. തൊടുപുഴയാറ് ശുചീകരണത്തിനും തുടര്‍ സംരക്ഷണത്തിനുമായി 1.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ടൂറിസം വികസനം, ആധുനിക സ്ലോട്ടര്‍ ഹൗസ്, ജലസംരക്ഷണം, കിണര്‍ റീച്ചാര്‍ജിംഗ്, ഹരിത കേരളം, ആര്‍ദ്രം, മറ്റു നവ കേരള മിഷന്‍ പ്രോജക്ടുകള്‍, ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, എല്‍ഇഡി ലൈറ്റുകള്‍, ഓട ശുചീകരണം, ബാലസഭ എന്നിവയ്ക്കായും തുക നീക്കിയിട്ടുണ്ട്. സേവാഗ്രാം വാര്‍ഡു കേന്ദ്രം പരിപാലനത്തിനായി 2  ലക്ഷം രൂപ, മുനിസിപ്പല്‍ പാര്‍ക്ക് അറ്റകുറ്റപ്പണി, വിവിധ കുടിവെള്ള പദ്ധതികള്‍, സമ്പൂര്‍ണ സിസിടിവി നിരീക്ഷണം, തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വിഭാവനം ചെയ്്തിട്ടുണ്ട്്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ബജറ്റില്‍മേലുള്ള ചര്‍ച്ച് 26 ന് രാവിലെ 11നു കൗണ്‍സില്‍ ഹാളില്‍ നടക്കും.
പഴയ വാഗ്ദാനങ്ങള്‍ പൊടിതട്ടിയെടുത്ത ബജറ്റ്: പ്രതിപക്ഷം
തൊടുപുഴ: കഴിഞ്ഞ ബജറ്റിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാത്ത നഗരസഭാ ഭരണാധികാരികള്‍ ഇക്കുറിയും പഴയ വാഗ്ദാനങ്ങള്‍ പൊടിതട്ടിയെടുത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. മങ്ങാട്ടുകവല ബസ്‌സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന് 11 കോടി നീക്കിവച്ചിരുന്നു. എന്നാല്‍, പദ്ധതിക്ക് തുടക്കമിടാന്‍ പോലും കഴിഞ്ഞിട്ടില്ല.
മാര്‍ക്കറ്റ് റോഡ്- കാഞ്ഞിരമറ്റം ബൈപാസ് ലിങ്ക് റോഡിന് 10 ലക്ഷം രൂപ നീക്കിവച്ചതും വെറുതെയായി. തൊടുപുഴയാര്‍ ശുചീകരണം കഴിഞ്ഞ ബജറ്റിലെയും പ്രഖ്യാപനമായിരുന്നു. അന്ന് 30 ലക്ഷം രൂപയാണ് നീക്കിവെച്ചത്. അന്നത്തെ പ്രഖ്യാപനം ഇക്കുറിയും ആവര്‍ത്തിച്ചു. പഴയ ബസ്‌സ്റ്റാന്റിരുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് 25 ലക്ഷം നീക്കിവെച്ചതും വെറുതെയായി.
കുളിക്കടവുകളുടെ ശുചീകരണമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഇതിനുവേണ്ടി അഞ്ചു ലക്ഷമാണ് വകയിരുത്തിയിരുന്നത്. മുനിസിപ്പല്‍ പാര്‍ക്കിന്റെ സൗന്ദര്യവല്‍ക്കരണത്തിന് 10 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും പാര്‍ക്കിലെ പല കളിയുപകരണങ്ങളുടെയും അവസ്ഥ പരിതാപകരമാണ്.
നഗരസഭയുടെ കീഴിലുള്ള വെങ്ങല്ലൂരിലെ മുനിസിപ്പല്‍ സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മുന്‍ നീക്കിയിരുപ്പ് തുക ഉപയോഗിച്ചുള്ള നിര്‍മാണമല്ലാതെ മറ്റു തുക വിനിയോഗിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയുടെ അധിക വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് സൗരോര്‍ജ പാനല്‍ സ്ഥാപിച്ചെങ്കിലും ഒരു യൂനിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ചില്ലെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it