wayanad local

ലക്ഷ്യംകാണാതെ ബാണാസുരസാഗര്‍ ജലസേചന പദ്ധതി

മാനന്തവാടി: നിര്‍മാണം തുടങ്ങി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷ്യത്തിലെത്താതെ ബാണാസുരസാഗര്‍ ജലസേചന പദ്ധതി. 3,200 ഹെക്റ്റര്‍ നെല്‍വയലുകളില്‍ പുഞ്ച, നഞ്ച കൃഷികള്‍ നടത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണ്, നെല്‍വയലുകളെല്ലാം വാഴത്തോട്ടങ്ങളും കവുങ്ങിന്‍തോട്ടങ്ങളും കരഭൂമിയുമായി രൂപാന്തരപ്പെട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്.
38 കോടി രൂപ എസ്റ്റിമേറ്റില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കണ്ടെത്തി തുടങ്ങിയ പദ്ധതിക്കായി സര്‍ക്കാര്‍ ഇതിനോടകം 47 കോടി രൂപ ചെലവഴിച്ചെന്നതും വിചിത്രം. ഇതിനായി നിര്‍മിച്ച കനാലുകളുള്‍പ്പെടെ കാലപ്പഴക്കത്താല്‍ നാശം നേരിടുമ്പോഴും പദ്ധതി ഉപേക്ഷിക്കാനോ തുടരാനോ കഴിയാത്ത സാഹചര്യത്തിലും 100ഓളം ജീവനക്കാര്‍ ഇപ്പോഴും പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നുവെന്നതും കേരളത്തില്‍ ഈ പദ്ധതിക്ക് മാത്രം അവകാശപ്പെട്ടതാണ്. 1985ല്‍ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ജലവൈദ്യുതി പദ്ധതി വിഭാവനം ചെയ്തപ്പോള്‍ തന്നെ ജില്ലയിലെ കാര്‍ഷികവൃത്തിക്കായി ജലസേചന പദ്ധതിയും വിഭാവനം ചെയ്തിരുന്നു.
വെള്ളമുണ്ട, കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളിലെ 3,200 ഹെക്റ്റര്‍ നെല്‍വയലുകളില്‍ രണ്ടു കൃഷി നടത്താനുള്ള വെള്ളമെത്തിക്കാനായിരുന്നു പദ്ധതി. 7.5 ടിഎംസി ജലം സംഭരിക്കാന്‍ കഴിയുന്ന റിസര്‍വോയറില്‍ നിന്ന് 1.7 ടിഎംസി ഇതിനായി വിട്ടുനല്‍കാനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. 2000ലാണ് പദ്ധതി പ്രവൃത്തി വാട്ടര്‍ അതോറിറ്റി ആരംഭിച്ചത്.
അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. 2,720 മീറ്റര്‍ പ്രധാന കനാലും 62,325 മീറ്റര്‍ ഉപകനാലുകളും നിര്‍മിച്ച് അണക്കെട്ടില്‍ നിന്നു പ്രധാന കനാല്‍ വഴിയും തുടര്‍ന്ന് ഉപകനാലുകള്‍ വഴിയും 14 വിതരണ കേന്ദ്രങ്ങളിലെത്തിക്കാനായിരുന്നു പദ്ധതി. കാപ്പുംകുന്ന്, പേരാല്‍, വട്ടിക്കാമൂല, മാടക്കുന്ന്, കുറുമ്പാല, കുറുമ്പാല വെസ്റ്റ്, കുപ്പാടിത്തറ, വാരാമ്പറ്റ നോര്‍ത്ത്, പാലയാണ, കക്കടവ്, പനമരം ചങ്ങാടം, വെണ്ണിയോട് എന്നിവിടങ്ങളിലായിരുന്നു ഡിസ്ട്രിബ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇവിടെ നിന്നു ചെറുതോടുകള്‍, കനാലുകള്‍, മോട്ടോറുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു കൃഷിയിടത്തില്‍ വെള്ളമെത്തിക്കാന്‍ തീരുമാനിച്ചത്. പദ്ധതിക്കായി 105 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് സ്‌പെഷ്യല്‍ തഹസില്‍ദാറെ നിയോഗിക്കുകയും ഓഫിസും സ്ഥാപിക്കുകയും ചെയ്തു. 16 വര്‍ഷം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുക്കല്‍ പകുതി പോലുമായില്ല. ഇപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്തുവരുന്നു.
പദ്ധതി നടത്തിപ്പിനായി പടിഞ്ഞാറത്തറയില്‍ ഡിവിഷന്‍ ഓഫിസും പടിഞ്ഞാറത്തറയിലും വെള്ളമുണ്ടയിലും സബ് ഡിവിഷന്‍ ഓഫിസുകളും ഇപ്പോഴും പ്രവര്‍ത്തിന്നു. 2013-14ല്‍ 3.2 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2014-15ല്‍ തുകയൊന്നും ചെലവഴിച്ചില്ല. നേരത്തെ പണി പൂര്‍ത്തിയാക്കിയ കനാലുകളെല്ലാം തന്നെ നശിച്ചുതുടങ്ങി.
ഒരിക്കലും പൂര്‍ത്തിയാക്കില്ലെന്ന് ഉറപ്പുലഭിച്ചത് പ്രകാരം നിര്‍മിച്ചതെന്നു തോന്നിക്കുന്ന കനാല്‍ വഴി വെള്ളം തുറന്നുവിട്ടാല്‍ അതു തകരുകയോ വെള്ളം ചോര്‍ന്നു തീരുകയോ ചെയ്യും. പലയിടങ്ങളിലും കനാലുകള്‍ മാലിന്യ നിക്ഷേപസ്ഥലമായും മണ്ണിട്ട് റോഡായും രൂപാന്തരപ്പെട്ടു. പണി പൂര്‍ത്തിയാക്കാനായി ഏറ്റെടുക്കാന്‍ കണ്ടെത്തിയ ഭൂമിയില്‍ കെട്ടിടങ്ങളും വീടുകളും ഉയര്‍ന്നു. 3,200 ഹെക്റ്റര്‍ നെല്‍വയലുണ്ടായിരുന്ന പ്രദേശത്ത് കക്കടവ്, വെണ്ണിയോട് തുടങ്ങിയ ഏതാനും പ്രദേശങ്ങളൊഴിച്ച് ബാക്കിയെല്ലാം കരഭൂമിയായി.
Next Story

RELATED STORIES

Share it