ലക്ഷ്മണിന് അപൂര്‍വനേട്ടം

മുംബൈ: വിരമിച്ച ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണിന്റെ കരിയറിലേക്ക് മറ്റൊരു സുവര്‍ണനേട്ടം കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്നിങ്‌സിന് ലക്ഷ്മണ്‍ ഉടമയായി. 2001ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ നേടിയ 281 റണ്‍സാണ് ലക്ഷ്മണിനെ ജേതാവാക്കിയത്. ഒന്നാമിന്നിങ്‌സില്‍ 274 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ പ്രതിസന്ധിയെ അഭിമുഖീകരിക്കവെ ക്രീസിലെത്തിയാണ് ലക്ഷ്മണ്‍ കളി മാറ്റിമറിച്ചത്. താരത്തിന്റെ ഇന്നിങ്‌സിന്റെ മികവില്‍ ടെസ്റ്റില്‍ ഇന്ത്യ ജയം കരസ്ഥമാക്കുകയും ചെയ്തു.
ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 171 റണ്‍സിനു പുറത്തായപ്പോള്‍ 59 റണ്‍സ് ലക്ഷ്മണ്‍ സംഭാവന ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം 376 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ലക്ഷ്മണ്‍ മല്‍സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ദ്രാവിഡ് 180 റണ്‍സ് നേടിയിരുന്നു.
ഇഎസ്പിഎന്റെ ഡിജിറ്റല്‍ മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് ലക്ഷ്മണിന്റെ ഇന്നിങ്‌സ് ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്. മുന്‍ താരങ്ങളായ ഗ്രെഗ് ചാപ്പല്‍, ജോണ്‍ റൈറ്റ്, സഞ്ജയ് മഞ്ജരേക്കര്‍, ടോണി കോസിയര്‍, മാര്‍ക് നികോളാസ്, മൈക്ക് സെല്‍വി, റമീസ് രാജ, ക്ലൈഡ് ബെറി, ഉസ്മാന്‍ സമിയുദ്ദിന്‍, ജിഡിയോണ്‍ ഹെയ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ കണ്ടെത്തിയത്.
ആസ്‌ത്രേലിയക്കെതിരായ ലക്ഷ്മണിന്റെ ഉജ്ജ്വല ഇന്നിങ്‌സ് പിറന്ന പരമ്പരയില്‍ ഇന്ത്യയുടെ കോച്ച് കൂടിയായിരുന്നു ന്യൂസിലന്‍ഡുകാരനായ റൈറ്റ്.
Next Story

RELATED STORIES

Share it