Districts

ലക്ഷദ്വീപ് സെന്ററുകളിലെ നിയമനം; അധ്യാപകര്‍ കോഴ വാങ്ങുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ലക്ഷദ്വീപ് സെന്ററുകളിലെ നിയമനങ്ങള്‍ക്കുള്ള കൂടിക്കാഴ്ച സര്‍വകലാശാല അധികൃതര്‍ക്ക് പങ്കാളിത്തമില്ലാതെ ദ്വീപില്‍ വച്ച് നടത്തുന്നു. ആന്ത്രോത്ത്, കവരത്തി, കടവത്ത് ദ്വീപുകളിലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകള്‍ എന്ന രീതിയില്‍ ഡിഗ്രി, പിജി, കോഴ്‌സുകളുള്ള സെന്ററുകള്‍ ഉള്ളത്. സര്‍വകലാശാല ആസ്ഥാനത്ത് നടത്തേണ്ട കൂടിക്കാഴ്ച ദ്വീപുസെന്ററുകളില്‍ വച്ച് നടത്തുന്നതിനാല്‍ സര്‍വകലാശാല ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ സെന്ററുകളിലെ അധ്യാപകരുടെ താല്‍പര്യത്തിനനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നത്.
രണ്ടു ദിവസം മുമ്പ് ആന്ത്രോത്ത് ദ്വീപിലെ പിഎം സഈദ് കോളജ് സെന്ററില്‍ ലാബ് അസി. തസ്തികയിലേക്കു നടത്തിയ ഇന്റര്‍വ്യൂ പ്രിന്‍സിപ്പലിന്റെ താല്‍പര്യപ്രകാരം നടത്തി ഇദ്ദേഹത്തിന് വേണ്ടപ്പെട്ടവരെ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു. ആന്ത്രോത്ത് ദ്വീപിലെ കേച്ചേരി ഭാഗത്തുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലാബ് അസി. തസ്തിക നല്‍കാമെന്നു പറഞ്ഞ് രണ്ടു ലക്ഷം രൂപ വീതം ആറുപേരില്‍ നിന്ന് ആന്ത്രോത്ത് സെന്ററിലെ പ്രിന്‍സിപ്പല്‍ കോഴ വാങ്ങിയതായി ദ്വീപുകാര്‍ ആരോപിച്ചു.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പിഎം സഈദിന്റെ ഇടപെടലുകളുടെ ഫലമായിട്ടായിരുന്നു മൂന്ന് ദ്വീപുകളില്‍ സര്‍വകലാശാല കോളജുകള്‍ തുടങ്ങിയത്. എന്നാല്‍ പത്തുവര്‍ഷത്തിലധികമായി മൂന്ന് സെന്ററുകളുടേയും പുരോഗതി മുന്‍ നിര്‍ത്തി പുതിയ കെട്ടിടങ്ങളോ ഹോസ്റ്റല്‍ സൗകര്യങ്ങളോ ദ്വീപ് ഭരണകൂടം ഒരുക്കിയിട്ടില്ല. സെന്ററുകളിലെ പരീക്ഷാ നടത്തിപ്പ് അധ്യാപക-അനധ്യാപക നിയമനങ്ങള്‍ എന്നീ കാര്യങ്ങളില്‍ പൂര്‍ണ അധികാരം സര്‍വകലാശാലക്കായിരുന്നിട്ടും അധ്യാപകരുടെ താല്‍പര്യത്തിനനുസരിച്ചാണ് സെന്ററുകളുടെ ഭരണം മുന്നോട്ടുപോവുന്നത്. ദ്വീപ് സെന്ററുകളുടെ നടത്തിപ്പു കാര്യങ്ങള്‍ക്കായി ഡീന്‍ തസ്തികയില്‍ ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ അനുസരിക്കാനും സന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടക്കമുള്ള അധ്യാപകര്‍ തയ്യാറല്ല.
കേരളത്തില്‍ നിന്ന് ദ്വീപ് സെന്ററുകളിലെത്തുന്ന അധ്യാപകരുടെ വിപ്ലവരാഷ്ട്രീയം ദ്വീപുകാര്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുന്നതിനും ഇവര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അധ്യാപകരുടെ രാഷ്ട്രീയപാര്‍ട്ടിയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നടത്തുന്ന പരീക്ഷകളില്‍ കോപ്പിയടിക്കുന്നതിനുള്ള സൗകര്യവും ദ്വീപ് സെന്ററുകളില്‍ ചെയ്തു കൊടുക്കുന്നു.
Next Story

RELATED STORIES

Share it