ലക്ഷദ്വീപില്‍ നാവികസേന സഹായമെത്തിച്ചു

കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ലക്ഷദ്വീപില്‍ നേവിയുടെ നേതൃത്വത്തില്‍ ഇന്നലെയും കുടിവെള്ളം അടക്കമുള്ള സഹായങ്ങള്‍ എത്തിച്ചു. കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയി ഓഖി ചുഴലിക്കാറ്റില്‍പെട്ട 10 ബോട്ടുകള്‍ ലക്ഷദ്വീപില്‍ അടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം 56 ബോട്ടുകളെ കുറിച്ച് വിവരമില്ല. ഇതില്‍ 650ഓളം തൊഴിലാളികളുള്ളതായി ലോങ് ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ് പറഞ്ഞു. ഇന്നലെ  അഞ്ച് ബോട്ടും അതിലെ തൊഴിലാളികളായ 60 പേരും തോപ്പുംപടി ഹാര്‍ബറിലെത്തി. കഴിഞ്ഞ ദിവസം കടലില്‍ നിന്നും കണ്ടെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.കൊച്ചിയില്‍ നിന്ന് തിരച്ചിലിനു പുറപ്പെട്ട് നേവിയുടെ ഐഎന്‍സ് കല്‍പേനിയില്‍ ആറും കൊല്ലത്തു നിന്നും തിരച്ചിലിനായി പുറപ്പെട്ട ഐഎന്‍സ് കാബ്രയില്‍ രണ്ടും മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ഇന്നലെ നേവി തിരച്ചില്‍ നടത്തിയത്. വരുന്ന മൂന്നു ദിവസങ്ങളിലായി ഈ രണ്ടു കപ്പലുകളും പുറങ്കടലില്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തും. ഇതിനൊപ്പം  ഐഎന്‍സ് ചെന്നൈ, കല്‍ക്കട്ട എന്നിങ്ങനെ ചെറുതും വലുതമായ 12 കപ്പലുകളും പി81, സീകിങ്, ഡോര്‍നെയര്‍, ചേതക് എയര്‍ ക്രാഫ്റ്റുകളും തിരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കി. പി81 നടത്തിയ തിരച്ചിലില്‍  കവരത്തി വടക്ക് പടിഞ്ഞാറ് 180 നോട്ടിക്കല്‍ മൈല്‍ ദുരത്തായി നിയന്ത്രണം വിട്ട് ഒഴുകി നടന്ന സെന്റ് ഡാമിയന്‍ എന്ന ബോട്ട് കണ്ടെത്തി. തുടര്‍ന്ന് ഐഎന്‍എസ് ചെന്നൈ എന്ന കപ്പല്‍ എത്തി ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക്് ഭക്ഷണം, വെള്ളം, വൈദ്യ സഹായം ഉള്‍പ്പെടെയുള്ളവ നല്‍കി രക്ഷപ്പെടുത്തി. ഇവരെ പിന്നീട്  കോസ്റ്റ് ഗാര്‍ഡിന്  കൈമാറി. കന്യാകുമാരി സ്വദേശികളായ 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് കടലില്‍ ഒഴുകി നടന്ന ഓള്‍മൈറ്റി എന്ന ബോട്ടും അതിലെ 12 തൊഴിലാളികളെയും ഇന്ത്യന്‍ നേവി രക്ഷപ്പെടുത്തി ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തിച്ചു. കാറ്റില്‍ വീല്‍ ഹൗസിന് തകരാറ് സംഭവിച്ച ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല കുടുങ്ങിയതിനെ തുടര്‍ന്നാണ് നിശ്ചലമായത്.
Next Story

RELATED STORIES

Share it