ലക്ഷദ്വീപില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും അണിയറ നീക്കങ്ങള്‍ തുടങ്ങി

പി വി മുഹമ്മദ് ഇഖ്്ബാല്‍
കോഴിക്കോട്: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ലക്ഷദ്വീപില്‍ കോണ്‍ഗ്രസും എന്‍സിപി യും അണിയറ നീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ഥികളാരെന്ന് കേന്ദ്ര കമ്മറ്റികള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി എം സഈദിന്റെ മകന്‍ ഹംദുല്ലാ സഈദും എന്‍സിപി സ്ഥാനാര്‍ഥിയായി നിലവിലെ പാര്‍ലമെന്റംഗം എം ബി ഫൈസലിനുമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാതെ ദ്വീപുകാര്‍ക്ക് കാര്യമില്ലാത്തതിനാല്‍ അടുത്ത കേന്ദ്ര ഭരണം ബിജെപിക്കായിരിക്കരുതെന്നാണ് ദ്വീപുകാരുടെ പ്രാര്‍ഥനയെന്നാണ്  ഒരേസ്വരത്തില്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഇരുപത്തിയഞ്ച് തവണയിലധികം പാര്‍ലമെന്റംഗമായ പി എം സഈദ് കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്താണ് മുഴുവന്‍ മേഖലയിലും ദ്വീപുകാര്‍ക്ക് സംവരണം കിട്ടിയിരുന്നത്.
ഡീസല്‍ ഒഴിച്ചുള്ള ജനറേറ്റര്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയായിരുന്നിട്ടും പ്രത്യേകമായ ഇളവുകള്‍ നല്‍കിയായിരുന്നു ഒരു യൂനിറ്റിന് 75 പൈസ എന്ന നിരക്കില്‍ കേന്ദ്രം ഇവര്‍ക്ക് വൈദ്യുതി നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ മുഴുവന്‍ ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് ജീവിതം കഷ്ടത്തിലാക്കിയതോടെ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരണമെന്നാണ് ഇവരുടെ പ്രാര്‍ഥന. എന്നാല്‍ കോണ്‍ഗ്രസില്‍ നിലവിലെ ഗ്രൂപ്പിസമാണ് ഹംദുല്ലയുടെ വിജയ പ്രതീക്ഷ ദ്വീപുകാരില്‍ ഇല്ലാതാക്കുന്നത്. എന്‍സിപിക്കാരനായ സിറ്റിങ് എംപി ഫൈസലിനെതിരേ വ്യാപക ആരോപണങ്ങള്‍ നിരത്തുമ്പോഴും കോണ്‍ഗ്രസിന്റെ ഹംദുല്ല സഈദ് ജനകീയനല്ലെന്നതാണ് പാര്‍ട്ടിയുടെ ആശങ്ക.
പി എം സഈദിന്റെ മകനെന്ന പരിഗണനയിലാണ് വീണ്ടും ഹംദുല്ലയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച് ഹൈക്കമാന്റിന് ലിസ്റ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹംദുല്ലയേക്കാള്‍ വിജയിക്കുമെന്നുറപ്പുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ദ്വീപിലുണ്ടായിട്ടും പാര്‍ട്ടി വീണ്ടും ഒരു പരീക്ഷണത്തിന് തുനിയുന്നതെന്നാണ് ആരോപണം. സാധാരണക്കാരനോട് സംസാരിക്കുകപോലും ചെയ്യാത്ത ഡല്‍ഹി സംസ്‌കാരത്തിന്റെ പകര്‍പ്പാണ് ഹംദുല്ലയെന്നും ഇയാളെ ദ്വീപ് ജനത പരാജയപ്പെടുത്തുമെന്നു തന്നെയാണ് ദ്വീപ് കോണ്‍ഗ്രസ് കമ്മറ്റി നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഇപ്പോള്‍ കവരത്തി ദ്വീപില്‍ മൂന്നര കിലോമീറ്ററിലധികം ചുറ്റളവില്‍ നൂറുകണക്കിനാളുകള്‍ വീടുണ്ടാക്കി താമസിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നു പറഞ്ഞ് ഉത്തരവിറക്കിയിട്ടും നിലവിലെ പാര്‍ലമെന്റംഗം ഇടപെടാത്തത്, മെഡിക്കല്‍ സംവരണ സീറ്റുകള്‍ നിര്‍ത്തലാക്കിയത് , സബ്‌സിഡിയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വെട്ടിക്കുറച്ചത് തുടങ്ങിയ ജനകീയ പ്രശ്്‌നങ്ങളില്‍ എന്‍സിപിക്കാരനായ എംപി പാര്‍ലമെന്റില്‍ ശബ്്ദിക്കാത്തതിനെതിരെ പോലും പ്രചരണം നടത്തി രാഷ്ട്രീയമായ നേട്ടമാക്കാന്‍ ഗ്രൂപ്പിസത്തില്‍ വരിഞ്ഞു മുറുകുന്ന ദ്വീപിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ബിജെപിക്കാരനായ ദ്വീപ് അഡ്്മിനിസ്‌ട്രേറ്റര്‍ ഫാറൂഖ് ഖാന്‍ ദ്വീപിലെ പ്രസുകളും സ്‌കൂളുകളില്‍ ചിലതും അടച്ചു പൂട്ടിയതുള്‍പ്പെടെയുള്ള പ്രതികാര നടപടികളെടുത്തിട്ടും ഇദ്ദേഹത്തിനെതിരെ പോലും പ്രതിഷേധിക്കാനോ സമരത്തിന് നേതൃത്വം കൊടുക്കാനോ രാഹുല്‍ഗാന്ധിയുടെ നേരിട്ടിടപെടലുകളുള്ള ലക്ഷദ്വീപ് കോണ്‍ഗ്രസ് പാര്‍ട്ടിക്കായിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം കോണ്‍ഗ്രസില്‍ കിട്ടിയാലും ദ്വീപിലെ പാര്‍ലമെന്റംഗം കോണ്‍ഗ്രസിനല്ലെങ്കില്‍ ഇനിയും ദുരിതങ്ങള്‍ മാത്രമായിരിക്കും ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ദ്വീപുകാര്‍ അനുഭവിക്കേണ്ടി വരികയെന്നതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്.
Next Story

RELATED STORIES

Share it