Flash News

ലക്ഷദ്വീപില്‍ കനത്ത നാശം

ലക്ഷദ്വീപില്‍ കനത്ത നാശം
X


കവരത്തി : ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാക്കുന്നു.
മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ശക്തമായ കടല്‍ക്ഷോഭവും കാറ്റും മഴയും അനുഭവപ്പെട്ടു. അഞ്ച് ബോട്ടുകള്‍ ഒലിച്ചുപോയി. ദ്വീപില്‍ പലയിടത്തും വലിയ വെള്ളകെട്ടുകള്‍ രൂപപെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്‍പേനിയടക്കമുള്ള ദ്വീപുകള്‍ വൈദ്യുതിയും ഭക്ഷണസാമഗ്രികളുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
കവരത്തിയില്‍ പുറങ്കടലിലുണ്ടായിരുന്ന എംഎസ്‌വി അല്‍നൂര്‍ എന്ന ഉരു മുങ്ങി. എട്ടുപേര്‍ ഈ ഉരുവില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ അപായ മുന്നറിയിപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.  അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
ദ്വീപുകളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങള്‍ എത്രത്തോളമാണെന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലക്ഷദ്വീപില്‍ നിന്നുള്ള കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല എന്ന സ്ഥിതിയുമുണ്ട്.
നാവിക സേനയുടെ രണ്ടു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുടിവെള്ളം, ബ്ലാങ്കറ്റ്, മരുന്നുകള്‍, രക്ഷാ ബോട്ടുകള്‍ എന്നിവയുമായി നാവിക സേനാ കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏത് സ്ഥിതിയും നേരിടാന്‍ സേന തയാറാണെന്ന് ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്ന്  ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ അറിയിച്ചു.

update :

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിയ്ക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പ്പേനി, കവറത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.

Next Story

RELATED STORIES

Share it