ലക്ഷദ്വീപിലേക്ക് മടക്കയാത്രയ്ക്ക് ടിക്കറ്റില്ല; യാത്രക്കാര്‍ ബഹളംവച്ചു

മട്ടാഞ്ചേരി: ലക്ഷദ്വീപിലേക്ക് മടങ്ങുവാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ ചൊല്ലി യാത്രക്കാര്‍ ബഹളം വച്ചു. വെല്ലിങ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലെ ടിക്കറ്റ് കൗണ്ടറിലാണ് യാത്രക്കാര്‍ ബഹളം വച്ചത്. കപ്പലിലേക്കുള്ള ടിക്കറ്റിനായി അതിരാവിലെ മുതല്‍ വരി നില്‍ക്കുകയായിരുന്നു നൂറു കണക്കിന് യാത്രക്കാര്‍. എന്നാല്‍, കുറച്ചു ടിക്കറ്റുകള്‍ കൊടുത്തു കഴിഞ്ഞപ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നു എന്ന അറിയിപ്പാണ് ലഭിച്ചതെന്ന് യാത്രക്കാര്‍ ആരോപിച്ചു. അടുത്ത കപ്പലുകളിലേക്കും ഇത്തരത്തില്‍ തന്നെയായിരുന്നു അവസ്ഥയെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ദ്വീപില്‍ നിന്നു ചികില്‍സ തേടി കൊച്ചിയിലെത്തി മടങ്ങുന്നവര്‍, പ്രായമേറിയവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരാണ് മടക്കയാത്രയ്ക്ക് ടിക്കറ്റിനായി അതിരാവിലെതന്നെ എത്തിയത്. എന്നാല്‍, ടിക്കറ്റ് കിട്ടാതായതോടെ ഇവര്‍ നിരാശരായി .പലരും കുടുംബസമേതം താമസിച്ചിരുന്ന ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞായിരുന്നു കപ്പല്‍ കയറാന്‍ എത്തിയിരുന്നത്. കപ്പലുകള്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളായി ടിക്കറ്റ് വിതരണത്തിലെ അപാകത മൂലം വലയുകയാണ് തങ്ങളെന്ന് ലക്ഷദ്വീപ് നിവാസികള്‍ ആരോപിച്ചു. ബുക്കിങ് സംവിധാനത്തിലെ അപാകതകള്‍ ഒഴിവാക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it