ലക്ഷദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രം: സമഗ്ര വികസനത്തിന് ബൃഹദ് പദ്ധതി

തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അക്കാദമികവും ഭരണപരവുമായ മേല്‍നോട്ടം വഹിക്കുന്നതിന്് കാലിക്കറ്റ് സര്‍വകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം നേരത്തെ ഉണ്ടാക്കിയ ധാരണാപത്രം പുതുക്കുന്നതിന്ന് തീരുമാനമായി. നിലവിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ഈമാസം അവസാനിക്കുന്ന സാഹചര്യത്തില്‍, കൊച്ചിയിലെ ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ ആസ്ഥാനത്തുചേര്‍ന്ന സംയുക്ത അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം ഉണ്ടായത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാറൂഖ്ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍ ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ സെക്രട്ടറി എ ഹംസ, ഡയറക്ടര്‍ കിഷന്‍കുമാര്‍ സംബന്ധിച്ചു. ലക്ഷദ്വീപ് വിദ്യാര്‍ഥികളെ ദേശീയ മുഖ്യധാരയിലെത്തിക്കാന്‍ പര്യാപ്തമാവുംവിധം കവരത്തി, ആന്ത്രോത്ത്, കടമത്ത് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിഷ്‌കരിക്കും. അധ്യാപകര്‍ക്കും മറ്റും ഗണ്യമായ വേതനവര്‍ധന അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതുസംബന്ധമായ വിശദമായ പാക്കേജ് തയ്യാറാക്കാന്‍ ഡീന്‍ ഡോ. എന്‍ എ എം അബ്ദുല്‍ ഖാദറിനെ ചുമതലപ്പെടുത്തി. സര്‍വകലാശാലയുടെ സഹകരണത്തോടെ ലക്ഷദ്വീപില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ കോളജിന്റെ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി. കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് പുറമെ ലക്ഷദ്വീപിനെക്കൂടി കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരാനും ധാരണയായി.
Next Story

RELATED STORIES

Share it